LiveTV

Live

Gulf

ഉംറ തീർത്ഥാടകരുടെ ബസ് കത്തിയ സംഭവം; മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും

കൂടുതൽ പാക്കിസ്ഥാനികളും അറബ് വംശജരും.

ഉംറ തീർത്ഥാടകരുടെ ബസ് കത്തിയ സംഭവം; മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും

മദീനയിലുണ്ടായ ബസ് തീപിടുത്ത ദുരന്തത്തിൽ മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും. ബോംബെ സ്വദേശിയാണ് മരിച്ചതെന്നാണ് അനൗദ്യോഗിക വിവരം. ഇന്നലെ രാത്രി മദീന - മക്ക പാതയിൽ വെച്ച് ബസിനു തീപിടിച്ചു മുപ്പത്തി അഞ്ചു തീർത്ഥാടകരാണ് വെന്തുമരിച്ചത്.

ഇന്നലെ രാത്രി 7.30 നായിരുന്നു സംഭവം. മദീനയിൽ നിന്നും മക്കയിലേക്കുള്ള ഹിജ്‌റ റോഡിൽ അൽ അഖൽ എന്ന സ്ഥലത്തുവെച്ചാണ് ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചത്. ബസ് മറ്റൊരു മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിക്കുകയും പെട്ടെന്ന് തീപിടിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന 39 പേരിൽ 35 പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഏഷ്യൻ അറബ് വംശജരാണ് ബസിനകത്തുണ്ടായിരുന്നത്. മരിച്ചവരിലധികവും പാക്കിസ്ഥാൻ സ്വദേശികളാണ്. ബോംബെ സ്വദേശിയായ ഒരു ഇന്ത്യക്കാരനും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ നിസാര പരിക്കുകളോടെ ചികിത്സയിലാണ്. റിയാദിൽ ബംഗ്ലാദേശികളുടെ നേതൃത്വത്തിലുള്ള ദാറുൽ മീഖാത്ത് ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽ പെട്ടത്. റിയാദിൽ നിന്നും 4 ദിവസത്തെ ഉംറ തീർത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായ് പുറപ്പെട്ട സംഘമായിരുന്നു ഇവർ. മദീന സന്ദർശനം കഴിഞ്ഞു മക്കയിലേക്കുള്ള യാത്രാമധ്യേയാണ് ദാരുണ അപകടം.

അപകടത്തിൽ പരിക്കേറ്റ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനും ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദും സന്ദർശിച്ചു. ചികിത്സ നടപടികൾ വേഗത്തിലാക്കാനും ആവശ്യമാണെങ്കിൽ പരിക്കേറ്റവരെ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനും ഗവർണർ നിർദേശം നൽകി. സംഭവത്തെക്കുറിച്ചു അന്വേഷണം നടന്നുവരികയാണ്.