LiveTV

Live

Gulf

വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി തുടരുന്നതിനെക്കുറിച്ച് പഠനം നടത്തും: സൌദി 

വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശൂറാ കൗണ്‍സിലിന്റെ സാമ്പത്തിക-ഊര്‍ജ്ജ കമ്മറ്റി ഇത്തരം ഒരാവശ്യമുയര്‍ത്തിയത്.

വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി തുടരുന്നതിനെക്കുറിച്ച് പഠനം നടത്തും: സൌദി 

സൗദിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും തുടരുന്നതിനെ കുറിച്ച് പഠനം നടത്തണമെന്ന് നിര്‍ദേശം. ഡെപ്പ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശൂറകൗണ്‍സില്‍ യോഗത്തിലാണ് പുതിയ നിര്‍ദേശമുയര്‍ന്നത്.

വിദേശ തൊഴിലാളികളില്‍ നിന്നും, ആശ്രിതരില്‍ നിന്നും ഈ വര്‍ഷം ഈടാക്കികൊണ്ടിരിക്കുന്ന ലെവി അതേ നിരക്കില്‍ 2020 സാമ്പത്തിക വര്‍ഷത്തിലും ഈടാക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠനം നടത്തണമെന്നാണ് കഴിഞ്ഞ ദിവസം ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടത്. വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശൂറാ കൗണ്‍സിലിന്റെ സാമ്പത്തിക-ഊര്‍ജ്ജ കമ്മറ്റി ഇത്തരം ഒരാവശ്യമുയര്‍ത്തിയത്. അതേ സമയം ചെറുകിട സ്ഥാപനങ്ങളിലേയും വളരെ ചെറിയ സ്ഥാപനങ്ങളിലേയും തൊഴിലാളികള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ലെവിയില്‍ ഇളവ് അനുവദിക്കുന്നതിനെ കറിച്ച് പഠനം നടത്തണമെന്നും ശൂറ കൗണ്‍സിലില്‍ ആവശ്യം ഉയര്‍ന്നു. ആധുനിക അപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്തി വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഉപയോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ബിനാമി ബിസിനസ്സിനെ കുറിച്ച് സ്വദേശികളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്നും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു.