LiveTV

Live

Gulf

കേരളത്തില്‍ 10000 കോടിയുടെ നിക്ഷേപം നടത്താന്‍ വിവിധ കമ്പനികള്‍ സന്നദ്ധത അറിയിച്ചെന്ന് മുഖ്യമന്ത്രി

ഡിസംബറിൽ കൊച്ചിയിൽ വിപുലമായ നിക്ഷേപക സമ്മേളനം നടത്താനും തീരുമാനമായി.

കേരളത്തില്‍ 10000 കോടിയുടെ നിക്ഷേപം നടത്താന്‍ വിവിധ കമ്പനികള്‍ സന്നദ്ധത അറിയിച്ചെന്ന് മുഖ്യമന്ത്രി

കേരളത്തിൽ 10000 കോടി രൂപയുടെ നിക്ഷേപത്തിന് പ്രവാസി വ്യവസായികൾ സന്നദ്ധത അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രമുഖ പ്രവാസി വ്യവസായികളുടെ നിക്ഷേപക സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഡിസംബറിൽ കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദുബൈ ആസ്ഥാനമായ ഡി.പി വേൾഡ്, ഷിപ്പിംഗ് ആന്‍റ് ലോജിസ്റ്റിക് മേഖലയിൽ 3500 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറായതായി മുഖ്യമന്ത്രി അറിയിച്ചു. ആഗോളനിക്ഷേപക സംഗമത്തിൽ കൊച്ചിയിൽ വെച്ച് കരാർ ഒപ്പുവയ്ക്കുമെന്ന് ഡിപി വേള്‍ഡ് വൈസ് പ്രസിഡന്‍റ് ഉമര്‍ അല്‍മൊഹൈരി പറഞ്ഞു.

ചില്ലറവിൽപ്പന മേഖലയിൽ ലുലു ഗ്രൂപ്പ് 1500 കോടിയുടെയും വിനോദസഞ്ചാര മേഖലയിൽ ആർ.പി ഗ്രൂപ്പ് 1000 കോടിയുടെയും ആരോഗ്യ മേഖലയിൽ ആസ്റ്റർ 500 കോടിയുടെയും നിക്ഷേപത്തിന് തയ്യാറാണെന്ന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി ഇ.പി ജയരാജൻ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ അൻപതോളം പ്രവാസി വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപ സന്നദ്ധത അറിയിച്ചത്.

അതേസമയം നോർക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇൻവെസ്റ്റ്മെൻറ് കമ്പനിയിൽ ഇടത്തരം സംരംഭകരെയാണ് പരിഗണിക്കുന്നതെന്നും അതുവഴി നിശ്ചിത വരുമാനം ഉറപ്പുനൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.