LiveTV

Live

Gulf

സൗദിയിലെ ‘ജനാദിരിയ മേള’ അടുത്ത നവംബറിൽ

മേള ജി20 ഉച്ചകോടിയോടനുബന്ധിച്ചു റിയാദിൽ, മേള നടക്കുക സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ.

സൗദിയിലെ ‘ജനാദിരിയ മേള’ അടുത്ത നവംബറിൽ

അടുത്ത വർഷം സൗദിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയോടനുബന്ധിച്ചു രാജ്യത്തിന്‍റെ പൈതൃകോത്സവമായ ജനാദിരിയ മേള നടക്കും. സൗദിയുടെ കലാ സാംസ്കാരിക പൈതൃകങ്ങൾ ലോക നേതാക്കൾക്ക് പരിചയപ്പെടാൻ അവസരമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. സൗദി സാംസ്കാരിക മന്ത്രാലയത്തിനു കീഴിലായിരിക്കും ഉത്സവ മേള നടക്കുക.

ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജീ20 ഉച്ചകോടി അടുത്ത വർഷം നവംബർ 21, 22 തീയതികളിൽ റിയാദിൽ വെച്ചാണ് നടക്കുക. ഉച്ചകോടിയോടനുബന്ധിച്ചു സൗദിയുടെ പുരാവസ്തു സാംസ്‌കാരിക മേളയായ ജനാദിരിയ ഇതേസമയം നടത്തുമെന്ന് സൗദി സാംസ്കാരിക മന്ത്രാലയം അറിയിച്ചു. നാഷണൽ ഗാർഡ് മന്ത്രാലയത്തിൽ നിന്ന് സാംസ്കാരിക മന്ത്രാലയത്തിലേക്ക് ജനാദിരിയയുടെ മേൽനോട്ടം മാറ്റിയതിനു ശേഷമുള്ള ആദ്യ മേളയാണ് അടുത്ത വർഷം നടക്കാനിരിക്കുന്നത്. മേളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മന്ത്രാലയ വക്താവ് അബ്ദുൽകരിം അൽ ഹുമൈദ് പറഞ്ഞു. മേളയുടെ സാംസ്കാരിക ഉള്ളടക്കം വിപുലീകരിക്കാനും ദേശീയ പൈതൃകത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതുമായ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് പതിറ്റാണ്ടുകളായി നടന്നുവരുന്ന ജനാദിരിയ മേള രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും ബുദ്ധിജീവികളുമടക്കം നിരവധി പേർ സന്ദശിച്ചു വരുന്നു. ജി20 ഉച്ചക്കോടിക്ക് സൗദി ആതിഥേയത്വം വഹിക്കുന്നതിനാൽ രാജ്യത്തിന്‍റെ സംസ്കാരവും പൈതൃകവും വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന നേതാക്കൾക്ക് പരിചയപ്പെടുത്താനുള്ള അവസരമായാണ് ജനാദിരിയ മേള ഒരുക്കുന്നത്.