LiveTV

Live

Gulf

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താന്‍ ദുബൈയിൽ നിക്ഷേപക സംഗമം

ലോകമെമ്പാടുമുളള പ്രാഗല്‍ഭ്യമുളള ഇടത്തരം പ്രവാസി മലയാളി സംരംഭകരിൽ നിന്നും നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനം

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താന്‍ ദുബൈയിൽ നിക്ഷേപക സംഗമം

കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബർ നാലിന് ദുബൈയിൽ നിക്ഷേപക സംഗമം നടക്കും. സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പുതുതായി രൂപം നൽകിയ ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് സംഗമം.

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നിക്ഷേപ പദ്ധതികൾക്ക് ഊന്നൽ നൽകുക, പ്രവാസികൾക്ക് ഗുണകരമാകുന്ന നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ദുബൈ നിക്ഷേപക സംഗമം നടക്കുക. സംഗമത്തിലേക്ക് എല്ലാ വിഭാഗക്കാരെയും ക്ഷണിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ലോകമെമ്പാടുമുളള പ്രാഗല്‍ഭ്യമുളള ഇടത്തരം പ്രവാസി മലയാളി സംരംഭകരിൽ നിന്നും നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനം. മീറ്റിന് മുന്നോടിയായി കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ എന്നിവർ യു.എ.ഇയിലെത്തി പ്രാരംഭ ചർച്ചകൾ നടത്തി. പ്രായോഗിക തലത്തിൽ എളുപ്പം വിജയം കാണുന്ന ചില പ്രോജക്റ്റുകൾ കേരള മുഖ്യമന്ത്രി പങ്കെടുക്കുന്ന സംഗമത്തിൽ നിക്ഷേപകര്‍ക്ക് മുമ്പാകെ അവതരിപ്പിക്കും.

2018 ജനുവരി 12,13 തിയതികളില്‍ നടന്ന ആദ്യ ലോക കേരള സഭാ സമ്മേളനത്തിൽ രൂപപ്പെട്ട നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി കേരള സര്‍ക്കാർ ഏതാനും സ്റ്റാന്റിംഗ് കമ്മിറ്റികള്‍ക്ക് രൂപം നൽകിയിരുന്നു. 48 ശുപാർശകൾ ഇതിലൂടെ സമർപ്പിക്കപ്പെട്ടു. ഇതിൽ നിന്ന് തെരഞ്ഞെടുത്ത 10 ശിപാർശകളാണ് സർക്കാറിന്‍റെ അജണ്ടയിലുള്ളത്. എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കുക എന്നതായിരുന്നു ഇതിൽ ഒന്ന്. ടൂറിസം, എയർപോർട്ട്, എന്‍ആര്‍ഐ ടൗണ്‍ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം ആകർഷിക്കാനാണ് എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലക്ഷ്യമിടുന്നത്.