LiveTV

Live

Gulf

അരാംകോ ആക്രമണം; ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ഒറ്റപ്പെടുന്നു  

അരാംകോ ആക്രമണം; ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ഒറ്റപ്പെടുന്നു  

ഗൾഫ് മേഖലയിലെ സംഘർഷം സങ്കീർണമായി തുടരവെ, ഇറാനു മേൽ സമ്മർദം ശക്തം. ഫ്രാൻസ് ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങൾ പോലും സൗദിയിലെ ആക്രമണത്തിന്റെ പേരിൽ അമേരിക്കക്കൊപ്പം നിലയുറപ്പിച്ചത് ഇറാന് വലിയ തിരിച്ചടിയായി. ഖത്തർ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളും ഇറാനെതിരെ കടുത്ത നിലപാടാണ് കൈക്കാണ്ടിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിൽ രൂപപ്പെട്ട സംഘർഷ വേളയിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയുടെ ഇറാൻവിരുദ്ധ നിലപാടിനെ പിന്തുണച്ചിരുന്നില്ല. എന്നാൽ സൗദി എണ്ണ കേന്ദ്രങ്ങൾക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഇറാന്റെ പങ്ക് വ്യക്തമാണെന്നാണ് ഫ്രാൻസ് ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങൾ പോലും ഇപ്പോൾ കുറ്റപ്പെടുത്തുന്നത്. അതേ സമയം ഹസൻ റൂഹാനിയും ട്രംപും തമ്മിൽ ചർച്ചക്കുള്ള അവസരം ഒരുക്കാൻ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ രംഗത്തുണ്ട്. റൂഹാനിയെ കാണില്ലെന്ന് തീർത്തു പറയാൻ ട്രംപ് തയാറായിട്ടില്ല. ചർച്ചക്ക് അനുമതി ലഭിച്ചാൽ ഇറാനും പിൻമാറാനിടയില്ല. എന്നാൽ യു.എൻ പൊതുസഭയിലും പുറത്തും ഇരുരാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്.

സൗദിയുടെ നേതൃത്വത്തിൽ ഖത്തർ കൂടാതെയുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികൾ ന്യൂയോർക്കിൽ യോഗം ചേർന്ന് ഇറാൻവിരുദ്ധ നിലപാടിന് പരമാവധി രാജ്യങ്ങളുടെ പിന്തുണ തേടാൻ തീരുമാനിച്ചു. സൗദി എണ്ണ കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന അതിക്രമങ്ങൾക്ക് തടയിടണമെന്നും ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഇറാനെതിരായ ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി ഉറപ്പായിരിക്കുമെന്ന് ഇസ്ലാമിക് റവലൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി.