LiveTV

Live

Gulf

സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ അമർച്ച ചെയ്യാനുള്ള തന്ത്രങ്ങളുമായി അമേരിക്ക

ഇറാനെതിരെ കൂടുതൽ പ്രബലമായ തെളിവുകൾ ഇല്ലാതെ യുദ്ധത്തിന് മുതിരരുതെന്ന അഭിപ്രായമാണ് അമേരിക്കയുടേത്

സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ അമർച്ച ചെയ്യാനുള്ള തന്ത്രങ്ങളുമായി അമേരിക്ക

യുദ്ധഭീതി നിലനിർത്തുന്നതിനോടൊപ്പം കടുത്ത സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ അമർച്ച ചെയ്യാനുള്ള തന്ത്രങ്ങളുമായി അമേരിക്ക. ഇറാനെതിരായ സൈനിക നടപടി എളുപ്പമല്ലെന്ന തിരിച്ചറിവിലാണ് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അതേ സമയം ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും അമേരിക്ക വാഗ്ദാനം ചെയ്തു. എണ്ണ കേന്ദ്രങ്ങൾക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ആരാണെന്ന് സൗദി വ്യക്തമാക്കിയാൽ ഇറാനെതിരെ ഏതറ്റം വരെയും പോകും എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. തിര നിറച്ച് തങ്ങൾ കാത്തിരിക്കുകയാണെന്ന് സൈനിക നടപടിയെ സൂചിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ അതിൽ നിന്ന് ട്രംപ് പിറകോട്ടു പോയെന്ന് പുതിയ ട്വീറ്റ് വ്യക്തമാക്കുന്നു.

ഇറാനെതിരെ ഉപരോധ നടപടികൾ കർക്കശമാക്കണമെന്ന് യു.എസ് ട്രഷറിയോട് ആവശ്യപ്പെടുക മാത്രമാണ് ട്രംപ് ചെയ്തിരിക്കുന്നത്. പൂർണമായ തോതിൽ തന്നെ യു.എസ് ഉപരോധം ഇറാനെതിരെ നിലനിൽക്കുന്നുണ്ട്. ഇറാൻ പ്രസിഡന്‍റിനെയും വിദേശകാര്യ മന്ത്രിയെയും ഉപരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇറാനെതിരെ കൂടുതൽ പ്രബലമായ തെളിവുകൾ ഇല്ലാതെ യുദ്ധത്തിന് മുതിരരുതെന്ന അഭിപ്രായമാണ് അമേരിക്കയുടേത്. സൈനിക നടപടിയെ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ പോലും പിന്തുണക്കുന്നില്ല. അതേ സമയം സുരക്ഷാ വെല്ലുവിളി നേരിടാൻ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ജി.സി.സി രാജ്യങ്ങൾക്കു നൽകാൻ അമേരിക്ക തയാറാകും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദി നേതൃത്വവുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം ഉയർന്നു വന്നതായാണ് വിവരം. അടുത്ത ദിവസം അബൂദബിയിലെത്തുന്ന മൈക് പോംപിയോ യു.എ.ഇ നേതാക്കളുടെയും അഭിപ്രായം ആരായും.