LiveTV

Live

Gulf

ജോലിത്തിരക്കുകൾക്കിടയിലാണ് ഇക്കുറി പ്രവാസികള്‍ക്ക് തിരുവോണം

ഓണാഘോഷത്തെ വരവേൽക്കാനുള്ള അവസാനവട്ട ഉത്രാടപ്പാച്ചിലിന്‍റെ തിരക്കിൽ ആയിരുന്നു ചൊവ്വാഴ്ച യു.എ.ഇ മലയാളികൾ

ജോലിത്തിരക്കുകൾക്കിടയിലാണ് ഇക്കുറി പ്രവാസികള്‍ക്ക് തിരുവോണം

ജോലിത്തിരക്കുകൾക്കിടയിലാണ് ഇക്കുറി പ്രവാസികള്‍ക്ക് തിരുവോണം. എങ്കിലും ഓണാഘോഷത്തെ വരവേൽക്കാനുള്ള അവസാനവട്ട ഉത്രാടപ്പാച്ചിലിന്‍റെ തിരക്കിൽ ആയിരുന്നു ചൊവ്വാഴ്ച യു.എ.ഇ മലയാളികൾ. അബൂദബി ഉൾപ്പെടെ എല്ലാ എമിറേറ്റുകളിലും ഓണത്തെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് മലയാളികൾ. വൈകീട്ടു തെന്ന മാളുകളിലും മറ്റും ഓണത്തിനുള്ള സാധന സാമഗ്രികൾ വാങ്ങാനെത്തിയവരുടെ വൻ തിരക്കായിരുന്നു. അബൂദബിക്കു പുറമെ അൽ ഐൻ, അൽ ഹർബിയ, ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും പച്ചക്കറികൾ ഉൾപ്പെടെ ഉൽപന്നങ്ങൾ വാങ്ങാൻ മലയാളി കുടുംബങ്ങൾ ഒത്തുചേർന്നു. മാളുകളിൽ പഴം പച്ചക്കറി വിപണികളിലായിരുന്നു ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്.

ഓണം പ്രമാണിച്ചുള്ള ഓഫർ കൂടിയായതോടെ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക് പതിവിലും കൂടുതലാണ്. പ്രവാസികളിൽ നല്ലൊരു വിഭാഗവും ഓണസദ്യക്ക് ഹോട്ടലുകളെ തന്നെയാകും ഇത്തവണയും ആശ്രയിക്കുക. വിവിധ തരം വിഭവങ്ങളുമായി ഹോട്ടലുകൾ ഒരുക്കുന്ന സദ്യകൾ നേരത്തെ തന്നെ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് പലരും.

വിവിധ തരം പായസങ്ങളും വിപണിയിൽ റെഡിയാണ്. കോടിമുണ്ടും കസവു സാരിയും ഉൾപ്പെടെ ഓണവസ്ത്ര വിപണിയും സജീവം. വിവിധ മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും നാളെയും തിരക്ക് തുടരും. വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചയാണ് മലയാളി കൂട്ടായ്മകളുടെ വിപുലമായ ഓണാഘോഷ പരിപാടികൾ.