LiveTV

Live

Gulf

യു.എ.ഇയിലേക്ക് മനുഷ്യക്കടത്ത്; യുവതികളെ കോണ്‍സുലേറ്റിന് കൈമാറി

ഏജന്റുമാര്‍ കയ്യടക്കി വെച്ചിരിക്കുന്ന ഇവരുടെ പാസ്പോര്‍ട്ട് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ യു.എ.ഇയില്‍ തന്നെ ഇവര്‍ക്ക് ജോലി തരപ്പെടുത്താനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍

യു.എ.ഇയിലേക്ക് മനുഷ്യക്കടത്ത്; യുവതികളെ കോണ്‍സുലേറ്റിന് കൈമാറി

യു.എ.ഇയില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ട മലയാളി യുവതികള്‍ക്ക് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അഭയം. ഏജന്റുമാര്‍ കയ്യടക്കി വെച്ചിരിക്കുന്ന ഇവരുടെ പാസ്പോര്‍ട്ട് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ യു.എ.ഇയില്‍ തന്നെ ഇവര്‍ക്ക് ജോലി തരപ്പെടുത്താനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.

കഴിഞ്ഞ ദിവസമാണ് കൊല്ലം, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട സ്വദേശികളായ അഞ്ച് യുവതികള്‍ അജ്മാനിലെ ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെട്ട് ദുബൈയില്‍ എത്തിയത്. നാട്ടില്‍ നിന്ന് സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന് ഇവരെ നിയമവിരുദ്ധമായി അറബികളുടെ വീട്ടുജോലിക്ക് നിയോഗിക്കാനുള്ള ശ്രമത്തിലായിരുന്നു മലയാളികളുടെ നിയന്ത്രണത്തിലുള്ള ഒരു റിക്രൂട്ടിങ് ഏജന്‍സി. സാമൂഹിക പ്രവര്‍ത്തക ലൈല അബൂബക്കറിന് അരികിലെത്തിയ യുവതികളെ ഇന്നലെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കൈമാറി.

ഏജന്റുമാര്‍ അനധികൃതമായി പിടിച്ചുവെച്ചിരിക്കുന്ന ഇവരുടെ പാസ്പോര്‍ട്ടുകള്‍ വീണ്ടെടുക്കാന്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്‍കയ്യെടുക്കും. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വന്‍തുകയുടെ പിഴ ബാധ്യത കൂടി തലയില്‍ വന്ന ഇവര്‍ക്ക് ജോലിവാഗ്ദാനം ചെയ്ത് പല സ്ഥാപനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. മീഡിയവണും ഗള്‍ഫ് മാധ്യമവുമാണ് മനുഷ്യക്കടത്തിന്റെ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. തുടര്‍ക്കഥയാവുന്ന മനുഷ്യക്കടത്തിനെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.

Also read: കേരളത്തില്‍ നിന്നും സ്ത്രീ ജോലിക്കാരെ നിയമവിരുദ്ധമായി യു.എ.ഇയിലേക്ക് കടത്തുന്നു