LiveTV

Live

Gulf

‘ഇബ്തിസാമ’ സ്പെഷ്യല്‍ സ്കൂൾ ഷാർജയില്‍ പ്രവര്‍ത്തനമാരംഭിച്ചു

രക്ഷിതാക്കളുടെയും ഇന്ത്യൻ അസോസിയേഷന്‍റെയും ഏറെ കാലത്തെ സ്വപ്നം കൂടിയാണ് ‘പുഞ്ചിരി’ എന്നർഥം വരുന്ന ഇബ്തിസാമ സ്കൂൾ

‘ഇബ്തിസാമ’ സ്പെഷ്യല്‍ സ്കൂൾ ഷാർജയില്‍ പ്രവര്‍ത്തനമാരംഭിച്ചു

പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങൾക്കായി ഷാർജ ഇന്ത‍്യൻ അസോസിയേഷന് കീഴിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. രക്ഷിതാക്കളുടെയും ഇന്ത്യൻ അസോസിയേഷന്‍റേയും ഏറെ കാലത്തെ സ്വപ്നം കൂടിയാണ് 'പുഞ്ചിരി' എന്നർഥം വരുന്ന ഇബ്തിസാമ സ്കൂൾ. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ വില്ലയാണ് അൽ ഇബ്ത്തിസാമ സ്കൂളായി മാറിയിരിക്കുന്നത്. ഓരോ ക്ലാസ് മുറിയും കുട്ടികളെ ആകർഷിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അധ‍്യാപകരുമായി കുട്ടികൾ വളരെ വേഗത്തിൽ ഇണങ്ങുന്ന കാഴ്ച്ചകൾക്കും ഉദ്ഘാടന ദിവസം സാക്ഷ‍്യം വഹിച്ചു. ക്ലാസ് മുറികളിലെ സൗകര‍്യങ്ങളെല്ലാം തൃപ്തികരമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.

വർണ പൊലിമയോടെയായിരുന്നു വേറിട്ട ഈ വിദ്യാലയത്തിന്‍റെ ഉദ്ഘാടന ചടങ്ങ്. കുഞ്ഞുങ്ങൾ നടത്തിയ കലാപരിപാടികളും പുതുമ നിറഞ്ഞതായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ, ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്മെന്‍റ് അതോറിറ്റി ചെയർമാൻ സാലെം യൂസഫ് അൽ ഖസീർ, എൽ.എസ്.ഡി.എ മാനേജർ അഹമദ് സുവൈദി, ഷാർജ എമിറേറ്റ്സ് റെഡ്ക്രസൻറ് മാനേജർ അബ്ദുല്ല അലി അൽ മുഹൈരി, റെഡ് ക്രസൻറ് പ്രതിനിധി തക്രീറ, റെഡ് ക്രസൻറ് വളൻറിയർ സംഘം പ്രതിനിധി നാദിയ ഉൾപ്പെടെ നിരവധി അറബ് പ്രമുഖർ സംബന്ധിച്ചു. അൽ ഇബ്ത്തിസാമയിലൂടെ ഇന്ത്യൻ അസോസിയേഷൻ ഷാർജ മഹത്തായ ദൗത്യ നിർവ്വഹണമാണ് നടത്തിയിരിക്കുന്നതെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു.

വലിയൊരു സ്വപ്നസാക്ഷാത്കാരമാണിതെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ അഭിപ്രായപ്പെട്ടു. ഇന്ത്യൻ വൈസ് കോൺസുൽ സഞ്ജീവ് കുമാർ, അറ്റ്ലസ് രാമചന്ദ്രൻ, പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി.ഷംസുദ്ദീൻ, പുന്നക്കൻ മുഹമ്മദലി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.