LiveTV

Live

Gulf

ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ബോട്ട് പിടിച്ചെടുത്ത് ഇറാന്‍; പന്ത്രണ്ട് ഫിലിപ്പീന്‍സുകാര്‍ അറസ്റ്റില്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ബോട്ട് പിടിച്ചെടുത്ത് ഇറാന്‍; പന്ത്രണ്ട് ഫിലിപ്പീന്‍സുകാര്‍ അറസ്റ്റില്‍

സംഘർഷം ശക്തമായ ഹോർമുസ് കടലിടുക്കിൽ ബോട്ട് പിടിച്ചെടുത്ത് ഇറാൻ. ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ട് ഫിലിപ്പീൻസുകാരെ അറസ്റ്റ് ചെയ്തതായും ഇറാൻ വെളിപ്പെടുത്തി. എണ്ണ കള്ളക്കടത്ത് ആരോപിച്ചാണ് ഇറാന്റെ നടപടിയെങ്കിലും ഇത്തരം നടപടികൾ മേഖലയിലെ സംഘർഷ സാഹചര്യം കൂടുതൽ വഷളാക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

ബോട്ട് പിടിച്ചെടുക്കുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്ത വിവരം ഇറാൻ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്. 2.83.000 ലിറ്റർ എണ്ണയും ബോട്ടിൽ നിന്ന് പിടിച്ചെടുത്തു. ഏതു രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട് എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. അറസ്റ്റിലായ 12 ഫിലിപ്പീൻസ് പൗരൻമാർക്കെതിരെ നിയമ നടപടിക്ക് തുടക്കം കുറിച്ചതായും ഇറാൻ അറിയിച്ചു. ആസുത്രിതമായ എണ്ണ കള്ളക്കടത്ത് നടത്തുകയായിരുന്ന സംഘത്തെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന ഇറാന്റെ വാദം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പരിശോധിച്ചു വരികയാണ്.

ഗൾഫ് സമുദ്രത്തിലൂടെയുള്ള ബോട്ടുകളുടെയും കപ്പലുകളുടെയും സ്വതന്ത്ര സഞ്ചാരത്തിന് വിഘാതം സൃഷ്ടിക്കാനുള്ള ഏതൊരു നീക്കവും ശക്തമായി നേരിടുമെന്ന് കഴിഞ്ഞ ദിവസവും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിട്ടന്റെ എണ്ണ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനെ തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനിടെ, പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാൻ യൂറോപ്യൻ യൂണിയനെ ഔദ്യോഗികമായി അറിയിച്ചതോടെ പ്രതിസന്ധി വീണ്ടും സങ്കീർണമാവുകയാണ്. യു.എസ് പിൻമാറിയിട്ടും 2015ലെ ആണവകരാർ സംരക്ഷിക്കാൻ ഇ.യു നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് ഇറാന്റെ പുതിയ നീക്കം.