LiveTV

Live

Gulf

ഹൂതികള്‍ക്ക് നേരെ സഖ്യസേനാ നീക്കം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് റിപ്പോര്‍ട്ട്

ഹൂതികള്‍ക്ക് നേരെ സഖ്യസേനാ നീക്കം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് റിപ്പോര്‍ട്ട്

യമനിലെ ദാമറില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞതായി റെഡ് ക്രസന്റ് അറിയിച്ചു. ഹൂതികള്‍ ആയുധങ്ങള്‍ വേര്‍തിരിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്നാണ് സഖ്യസേന ആവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര കരാറിന്‍റെ ഭാഗമായി കൈമാറാനുള്ള തടവുകാരെ പാര്‍പ്പിച്ച ജയിലാണ് ആക്രമിച്ചതെന്ന് ഹൂതികളും ആവര്‍ത്തിച്ചു.

യമനിലെ ഹൂതി നിയന്ത്രണത്തിലുള്ള സന്‍ആയില്‍ നിന്നും നൂറ് കി.മീ അകലെയാണ് ദാമര്‍ പ്രദേശം. ഇവിടെ ഹൂതികള്‍ പിടികൂടിയവരെ പാര്‍പ്പിച്ച സ്ഥലത്താണ് സഖ്യസേനാ ആക്രമണം നടന്നതെന്ന് ഹൂതികള്‍ വിശദീകരിക്കുന്നു. ഈ വാദം തള്ളിയ സൗദി സഖ്യസേന, ആക്രമണം നടത്തിയത് ഹൂതികളുടെ ആയുധപ്പുരയിലാണെന്ന് ആവര്‍ത്തിച്ചു. ഇതിനിടെ മരണ സംഖ്യ നൂറ് കവിഞ്ഞു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അന്താരാഷ്ട്ര കരാറിന്‍റെ ഭാഗമായി ഹൂതികളും യമന്‍ ഭരണകൂടവും തടവുകാരെ കൈമാറാന്‍ തീരുമാനിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ കൈമാറാനുള്ള ഭരണാനുകൂലികളാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ വിവരങ്ങള്‍ ആരായുകയാണ്.