LiveTV

Live

Gulf

ഇറാഖിലേക്ക് മനുഷ്യക്കടത്തിന് നീക്കം; മലയാളിയടക്കം മൂന്നുപേര്‍ അജ്മാനില്‍ കുടുങ്ങി

തിരുവനന്തപുരം പാറശ്ശാല സ്വദേശി ശിവകുമാറാണ് ഏജന്റിന്റെ തട്ടിപ്പില്‍പെട്ട മലയാളി.

ഇറാഖിലേക്ക് മനുഷ്യക്കടത്തിന് നീക്കം; മലയാളിയടക്കം മൂന്നുപേര്‍ അജ്മാനില്‍ കുടുങ്ങി

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നിയന്ത്രണമുള്ള ഇറാഖിലേക്ക് മനുഷ്യകടത്തിന് നീക്കം. ആസ്‌ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യു.എ.ഇയിലെത്തിച്ച മലയാളിയടക്കം മൂന്നുപേര്‍ അജ്മാനില്‍ കുടുങ്ങി കിടക്കുന്നു. ഏഴ് ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് ഏജന്റുമാര്‍ ഈടാക്കിയത്.

തിരുവനന്തപുരം പാറശാല സ്വദേശി ശിവകുമാര്‍, തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി യൂസഫ്, യു.പി സ്വദേശി നസീം അലി എന്നിവരാണ് അജ്മാനിലെ ഒരു കുടുസ് മുറിയില്‍ കഴിഞ്ഞുകൂടുന്നത്. ആസ്ട്രേലിയന്‍ വിസ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തമിഴ്‌നാട്ടിലെ നൂര്‍ മുഹമ്മദ്, ജോണ്‍ എന്നീ ഏജന്റുമാരാണ് ഇവരെ കബളിപ്പിച്ചത്. ആദ്യം ഇവിരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. പിന്നീട് തായ്ന്റിലേക്ക്. അവിടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങി. ഇപ്പോള്‍ ദുബൈ വഴി ഇറാഖിലെത്തിക്കാമെന്നാണ് വാഗ്ദാനം.

സുരക്ഷിതമല്ലാത്തതിനാല്‍ ഇറാഖില്‍ ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നതിന് കടുത്ത നിയന്ത്രണം നിലനില്‍ക്കെയാണ് ഈ മനുഷ്യകടത്ത് ശ്രമം. ഒരുമാസത്തെ സന്ദര്‍ശകവിസയില്‍ എത്തിയ ഇവരുടെ വിസാകാലാവധി കഴിഞ്ഞ് 45 ദിവസത്തിലേറെയായി. ഇത്രയും ദിവസത്തെ പിഴയടച്ചാല്‍ മാത്രമേ ഇവര്‍ക്ക് രാജ്യത്തിന് പുറത്തുകടക്കാനാവൂ.

പാക് സ്വദേശിയായ ഒരു മദ്രസാ അധ്യാപകനാണ് ഇവര്‍ക്ക് അഭിയം നല്‍കിയിരിക്കുന്നത്. ഷാജി ഇടശ്ശേരി എന്ന സാമൂഹിക പ്രവര്‍ത്തകന്റെ ഇടപെടലില്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ച് നല്‍കിയെങ്കിലും അധികൃതര്‍ ആരും സഹായത്തിനെത്തിയിട്ടില്ല. കടുത്ത ദുരിതത്തില്‍ കഴിയുന്ന ഈ യുവാക്കളെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും രംഗത്ത് എത്തുമെന്നാണ് പ്രതീക്ഷ.