LiveTV

Live

Gulf

ഗള്‍ഫ് പര്യടനത്തിനായി മോദി അബൂദബിയിലെത്തി

യു എ ഇയുടെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ ഏറ്റുവാങ്ങിയ ശേഷം വൈകുന്നേരം അദ്ദേഹം ബഹ്റൈനിലേക്ക് തിരിക്കും 

 ഗള്‍ഫ് പര്യടനത്തിനായി മോദി അബൂദബിയിലെത്തി

ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ. ഇ തലസ്ഥാനമായ അബൂദബിയിലെത്തി. യു എ ഇയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്' ഏറ്റുവാങ്ങിയ ശേഷം വൈകുന്നേരം അദ്ദേഹം ബഹ്റൈനിലേക്ക് തിരിക്കും. ഇത് മൂന്നാം തവണയാണ് മോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്.

ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അബൂദബിയിലെത്തിയത്. ഇന്ത്യൻ അംബാസഡർ നവ്ദീപ്സിങ് സുരി, ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹ്മദ്അൽ ബന്ന തുടങ്ങിയവര്‍ മോദിയെ സ്വീകരിച്ചു. മുന്‍ സന്ദര്‍ശനങ്ങിലെ പോലെ രാജകുടുംബാംഗങ്ങളുടെ വലിയ സംഘം ഇക്കുറി വിമാനത്താവളത്തിൽ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. ഇന്ന് രാവിലെ യു.എ.ഇ സമയം പത്തിനാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. എമിറേറ്റ്സ് പാലസില്‍ ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനം 'റൂപേ' അവതരിപ്പിക്കും.

ഉച്ചക്ക് 12 ന് പ്രസിഡൻഷ്യൽ പാലസിലാണ് യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ മോദിക്ക് ഓര്‍ഡര്‍ സായിദ് കൈമാറുക. ഗാന്ധിജിയുടെ 150ാം ജൻമവാർഷികത്തില്‍ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനം നടക്കും. കൊട്ടാരത്തില്‍ രാജകീയ വിരുന്നില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ബഹ്റൈനിലേക്ക്പറക്കും.