LiveTV

Live

Gulf

‘ഖുദ്സ് തലസ്ഥാനമായുള്ള രാജ്യം തിരിച്ചുപിടിക്കും വരെ ഫലസ്തീന് പിന്തുണ’

1969 ആഗസ്ത് 21നാണ് ജറുസലേമിലെ അല്‍ അഖ്സ പള്ളിക്ക് ആസ്ത്രേലിയക്കാരനായ ക്രിസ്ത്യന്‍ തീവ്രവാദി തീകൊളുത്തിയത്.

‘ഖുദ്സ് തലസ്ഥാനമായുള്ള രാജ്യം തിരിച്ചുപിടിക്കും വരെ ഫലസ്തീന് പിന്തുണ’

ഖുദ്സ് പട്ടണം തലസ്ഥാനമാക്കി പുർണാധികാരം തിരിച്ചു കിട്ടും വരെ ഫലസ്തീനുള്ള സഹായം തുടരുമെന്ന് ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ആവര്‍ത്തിച്ചു. മസ്ജിദുൽ അഖ്സ കത്തിച്ചതിന്‍റെ അമ്പതാം വാർഷിക വേളയിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് നിലപാട്. മേഖലയിലെ മത ചിഹ്നങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഓ.ഐ.സി ആവശ്യപ്പെട്ടു.

1969 ആഗസ്ത് 21നാണ് ജറുസലേമിലെ അല്‍ അഖ്സ പള്ളിക്ക് ആസ്ത്രേലിയക്കാരനായ ക്രിസ്ത്യന്‍ തീവ്രവാദി തീകൊളുത്തിയത്. ആഗോള തലത്തില്‍ പ്രതിഷേധമുയര്‍ത്തിയ സംഭവത്തിന്റെ 50ാം വാര്‍ഷിക വേളയിലാണ് ഓര്‍ഗനൈസേഷന്‍ ഒഫ് ഇസ്ലാമിക് കണ്‍ട്രീസിന്റെ പ്രസ്താവന.

ഫലസ്തീനിലേയും ഖുദ്സിലേയും ക്രൈസ്തവ ചിഹ്നങ്ങളടക്കം സംരക്ഷിക്കപ്പെടണം. മുസ്‍ലിംകള്‍ മക്കയിലെ കഅ്ബയിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നതിന് മുമ്പ് തിരിഞ്ഞ് നമസ്കരിച്ചത് ഇവിടേക്കാണ്. ആദ്യ ഖിബ്‍ലയും മൂന്നാമത്തെ ഹറമുമാണത്. ഇപ്പോഴും പള്ളിക്ക് നേരെയുള്ള കയ്യേറ്റവും ഭീഷണിയും തുടരുകയാണ്. മുസ്‍ലിംകൾക്ക് അവിടേക്ക് നിയന്ത്രണമുണ്ട്. മുറ്റങ്ങളിലും പള്ളിക്ക് ചുറ്റും കിടങ്ങുകള്‍ നിര്‍മിച്ച ഇസ്രയേല്‍ നടപടിയും അപലപനീയമാണെന്നും ഓ.ഐ.സി പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളും വിധികളും പാലിക്കാൻ ഇസ്രാഈലിനെ നിർബന്ധിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും 1967ലെ അതിർത്തി പ്രകാരം ഖുദ്സ് പട്ടണം തലസ്ഥാനമായുള്ള ഫലസ്തീന്‍ തിരിച്ചു പിടിക്കും വരെ പിന്തുണ തുടരുമെന്നും ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ പ്രഖ്യാപിച്ചു.