LiveTV

Live

Gulf

ഹൂതി രഹസ്യകേന്ദ്രങ്ങളില്‍ സഖ്യസേനയുടെ ആക്രമണം

ആയുധപ്പുരകള്‍ തകര്‍ന്നതായും ഇവിടെ തമ്പടിച്ചിരുന്നവര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്

ഹൂതി രഹസ്യകേന്ദ്രങ്ങളില്‍ സഖ്യസേനയുടെ ആക്രമണം

സൌദി അരാംകോ പ്ലാന്റിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ രഹസ്യ ആയുധകേന്ദ്രങ്ങളില്‍ സൌദി സഖ്യസേനയുടെ ആക്രമണം. ആക്രമണത്തില്‍ നിരവധി ഹൂതികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ യമനില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൌദി സൈനികന്റെ മൃതദേഹം സംസ്കരിച്ചു.

യമന്‍ അതിര്‍ത്തിയിലും സന്‍ആയിലേയും ഗുഹകളിലാണ് ഹൂതികളുടെ പ്രധാന ആയുധ സംഭരണ കേന്ദ്രം. ഇവിടെയാണ് ഹൂതികള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ആയുധങ്ങളും സൂക്ഷിക്കുന്നത്. ഇവിടേക്ക് ആയുധങ്ങളെത്തിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു സഖ്യസേന. ഇവിടെയാണ് സഖ്യസേന ഇന്നലെ രാത്രി മുതല്‍ ആക്രമണം നടത്തിയത്.

ആയുധപ്പുരകള്‍ തകര്‍ന്നതായും ഇവിടെ തമ്പടിച്ചിരുന്നവര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ യമന്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം അബഹയിലെത്തിച്ച് സംസ്കരിച്ചു. ഹൂതി ആക്രമണം നടന്ന യുഎഇ അതിര്‍ത്തിയിലെ അരാംകോ പ്ലാന്റില്‍ ഉത്പാദനം പഴയപടി തുടരുകയാണ്.