LiveTV

Live

Gulf

കുവൈത്തിൽ ഫയൽ ഓപ്പണിംഗ് ഫീസ് ആരോഗ്യമന്ത്രാലയം നിർത്തലാക്കി

ചികിത്സ തേടിയെത്തുന്നവരിൽ നിന്ന് സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നതായി പരാതികൾ വ്യാപകമായതിനെ തുടർന്നാണ് മന്ത്രാലയത്തന്റെ നടപടി

കുവൈത്തിൽ ഫയൽ ഓപ്പണിംഗ് ഫീസ് ആരോഗ്യമന്ത്രാലയം നിർത്തലാക്കി

കുവൈത്തിൽ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഈടാക്കിവരുന്ന ഫയൽ ഓപ്പണിംഗ് ഫീസ് ആരോഗ്യമന്ത്രാലയം നിർത്തലാക്കി. ചികിത്സ തേടിയെത്തുന്നവരിൽ നിന്ന് സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നതായി പരാതികൾ വ്യാപകമായതിനെ തുടർന്നാണ് മന്ത്രാലയത്തന്റെ നടപടി. ആരോഗ്യാമന്ത്രാലയത്തിലെ പ്രൈവറ്റ് മെഡിക്കൽ സർവീസസ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ നജ്ജാർ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പാലിക്കാത്ത ആരോഗ്യസ്ഥാപനങ്ങൾ നിയമ നടപടി നേരിടേണ്ടി വരുമെന്നും ഡോ. ഫാത്തിമ നജ്ജാർ മുന്നറിയിപ്പ് നൽകി.

സ്വകാര്യ ആശുപത്രികളിലെ ഫയൽ ഓപ്പണിങ് ഫീസ് നിർത്തലാക്കണമെന്ന നിർദേശം വർഷങ്ങളായി സർക്കാരിന് മുന്നിലുണ്ട്. ഇതുസംബന്ധിച്ച് ജി.സി.സി തലത്തില്‍ തനെ പഠനം നടന്നുവരികയാണെന്നും കുവൈത്തില്‍ ഇത് ഉടന്‍ നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും നേരത്തെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സർക്കാർ ആശുപത്രികളിൽ വിദേശികൾക്കുള്ള ചികിത്സനരക്കുകൾ വർധിപ്പിച്ചതിന്‍റെ ചുവടു പിടിച്ചു സ്വകാര്യ ക്ലിനിക്കുകളും നിരക്കുകളിൽ വർദ്ധന നടപ്പാക്കിയിരുന്നു.

ഇതിനു പുറമെയാണ് ചകിത്സാനടപടികൾ ആരംഭിക്കുന്നതിനു മുമ്പ് ഫയൽ ഓപ്പണിംഗ് എന്ന പേരിലും സ്വകാര്യ ക്ലിനിക്കുകൾ രോഗികളിൽ നിന്ന് പണം ഈടാക്കുന്നത്. പല സ്ഥാപനങ്ങളും വ്യത്യസ്ത നിരക്കിലാണ് ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതിന്ഫീസ് ഈടാക്കുന്നത്. ഒരു ദീനാര്‍ മുതല്‍ അഞ്ചു ദീനാര്‍വരെയാണ് സാധാരണഗതിയിൽ ക്ലിനിക്കുകൾ ഈടാക്കുന്നത്. ഫയൽ ഓപണിംഗിന് വലിയ തുക ഈടാക്കുന്ന ആശുപത്രികളും രാജ്യത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ ഉത്തരവ് താഴ്ന്ന വരുമാനക്കാരായ വിദേശികൾക്ക് വലിയ ആശ്വാസമാകും