LiveTV

Live

Gulf

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നില്ല

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നില്ല

എണ്ണ കള്ളക്കടത്ത് ആരോപിച്ച് മറ്റൊരു കപ്പൽ കൂടി ഇറാൻ പിടിച്ചെടുത്തത് ഗൾഫ് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കിയേക്കും. സമുദ്ര മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ നാവിക സുരക്ഷാസഖ്യം വേണമെന്ന അമേരിക്കയുടെ ആവശ്യത്തിന് ഇത് കൂടുതൽ ബലം നൽകും. എന്നാൽ മേഖലയിലെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ, നയതന്ത്ര തലത്തിലുള്ള പരിഹാരം തന്നെയാണ് വേണ്ടതെന്ന് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ അറിയിച്ചു.

ഏത് രാജ്യത്തിന്‍റെ കപ്പലാണ് പിടിച്ചെടുത്തതെന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇറാന്‍റെ നടപടി സംഘർഷത്തിന് വീണ്ടും വ്യാപ്തി പകർന്നേക്കും. എണ്ണ കള്ളക്കടത്ത് ആരോപണം തെളിയിക്കാൻ ഇറാന് അത്രയെളുപ്പമാകില്ല. അന്താരാഷ്ട്ര കപ്പൽ ചാലിന്‍റെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് വിവിധ ലോകരാജ്യങ്ങളുടെ ആവശ്യം യു.എന്നിന്‍റെ പരിഗണനയിലുണ്ട്. ജിബ്രാൾട്ടറിൽ പിടിച്ചെടുത്ത തങ്ങളുടെ എണ്ണ കപ്പലിന് പകരമായി ബ്രിട്ടന്‍റെ കപ്പൽ ഇറാനും കൈയടക്കിയത് ഗൾഫ് സമുദ്ര മേഖലിൽ സൃഷ്ടിച്ച പരിഭ്രാന്തി ചെറുതല്ല. കപ്പൽ ജീവനക്കാരെ വിട്ടയക്കാൻ ഇതുവരെ ഇറാൻ തയാറായിട്ടുമില്ല. നാവിക സുരക്ഷാ സഖ്യം രൂപവത്കരിച്ച് കപ്പലുകൾക്ക് അകമ്പടി ഉറപ്പാക്കാൻ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ തേടുകയാണിപ്പോൾ അമേരിക്ക. യു.എ.ഇ, സൗദി ഉൾപ്പെടെ പ്രധാന ഗൾഫ് രാജ്യങ്ങൾ യു.എസ് നീക്കത്തിനൊപ്പം നിൽക്കും. എന്നാൽ മേഖലയിൽ പടയൊരുക്കം വർധിക്കുന്നത് ആശങ്കയോടെയാണ് ഇരു രാജ്യങ്ങളും നോക്കി കാണുന്നത്. ഇറാനെതിരെ സൈനിക നടപടി മേഖലയിൽ ആപൽക്കരമായ അവസ്ഥ ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് വൻശക്തി രാജ്യങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ നൽകുന്നത്. പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരമാണ് തേടേണ്ടതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് അഭിപ്രായപ്പെട്ടു.