LiveTV

Live

Gulf

മിനായിലേക്ക് പുറപ്പെടാന്‍ മൂന്ന് ദിനം ബാക്കി; ചൂടില്‍ വലഞ്ഞ് ഹാജിമാര്‍

ഈയാഴ്ചയിലെ റെക്കോര്‍ഡ് ചൂട് നാളെയാണ്. 44 ഡിഗ്രി വരെയെത്തും ചൂട്.

മിനായിലേക്ക് പുറപ്പെടാന്‍ മൂന്ന് ദിനം ബാക്കി; ചൂടില്‍ വലഞ്ഞ് ഹാജിമാര്‍

ഹജ്ജ് കര്‍മങ്ങള്‍ക്കായി വ്യാഴാഴ്ചയോടെ ഹാജിമാര്‍ മിനായിലേക്ക് തിരിക്കും. ഇതിനിടെ ശക്തമാവുകയാണ് മക്കയിലെ ചൂട്. ഈയാഴ്ചയിലെ റെക്കോര്‍ഡ് ചൂട് നാളെയാണ്. 44 ഡിഗ്രി വരെയെത്തും ചൂട്. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് ഹാജിമാര്‍.

പൊള്ളുന്ന ചൂടിലാണ് ഓരോ ദിനവും ഹാജിമാര്‍ ഹറമിലെത്തുന്നത്. പ്രായമേറിയവരാണ് ഹാജിമാരില്‍ ഭൂരിഭാഗവും. പലരും ആരോഗ്യ പ്രയാസമുള്ളവരും. ഇതിനിടയില്‍ ഇത്രയും കാലമനുഭവിക്കാത്ത ചൂടാണ് വില്ലന്‍. ആരോഗ്യമുള്ളവര്‍ പോലും പ്രതിരോധിക്കാന്‍ പാടുപെടുന്നു.

കുട നല്‍കിയിട്ടുണ്ട് ഇന്ത്യന്‍ ഹജ്ജ് മിഷനും സൌദി ഹജ്ജ് മന്ത്രാലയവും. ഇതെടുക്കാന്‍ മറക്കുന്നതും വേണ്ടുവോളം വെള്ളം കുടിക്കാത്തതും പ്രയാസമുണ്ടാക്കുന്നു. ധാരാളം പഴങ്ങള്‍ കഴിക്കാനും ഹാജിമാര്‍‌‍ക്ക് മുന്നറിയിപ്പുണ്ട്. നട്ടുച്ച നേരമൊഴിവാക്കി വേണം യാത്രകള്‍.

സഹായത്തിനായി വളണ്ടിയര്‍മാരുണ്ട്. ഹറമിനകത്തും പുറത്തുമായി ആരോഗ്യ വിഭാഗങ്ങളും സജ്ജം. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തളര്‍ച്ചക്ക് ചികിത്സ നല്‍കിയത് ആറായിരത്തിലേറെ പേര്‍ക്ക്. വളണ്ടിയര്‍മാരുടെ സഹായവും ഏറെ ആശ്വാസം.

നാളെ മുതല്‍ ചൂട് വര്‍ധിക്കും. മിനായിലും അറഫയിലും ശീതീകരണ സംവിധാനങ്ങളുണ്ട്. ഇവയിലൂടെ ഒരു പരിധിവരെ പ്രയാസം മറികടക്കാം. എങ്കിലും വ്യക്തിപരമായി ഏറെ ശ്രദ്ധയെടുക്കേണ്ടി വരും ഹാജിമാര്‍.