LiveTV

Live

Gulf

സൗദിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി യു.എ.ഇ

എല്ലാ തുറകളിലും അടുത്ത സഹകരണം രൂപപ്പെടുത്തി മുന്നോട്ടു പോകുന്നതിലെ അരിശമാണ് വ്യാജ വാർത്തകൾക്ക് പിന്നിലെന്നും യു.എ.ഇ വിലയിരുത്തുന്നു

സൗദിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി യു.എ.ഇ

യെമൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സൗദിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി യു.എ.ഇ. വ്യാജ വാർത്തകൾ ഉന്നയിച്ച് സൗദിയുമായുള്ള അടുത്ത ബന്ധം തകർക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്നും യു.എ.ഇ വിശദീകരിച്ചു. എല്ലാ തുറകളിലും അടുത്ത സഹകരണം രൂപപ്പെടുത്തി മുന്നോട്ടു പോകുന്നതിലെ അരിശമാണ് വ്യാജ വാർത്തകൾക്ക് പിന്നിലെന്നും യു.എ.ഇ വിലയിരുത്തുന്നു.

സൗദിയുമായി യു.എ.ഇ അകലുന്നു എന്ന നിലക്ക് അടുത്തിടെ വിവിധ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു ഒരു അയൽ രാജ്യം മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുന്ന കിംവദന്തി മാത്രമാണിതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. യു.എ.ഇയുടെ നയപരമായ നിലപാടുകളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. യെമൻ, ഇറാൻ വിഷയങ്ങളിൽ ഒരേ നിലപാടും നടപടിയും തന്നെയാണ് രണ്ടു രാജ്യങ്ങൾക്കും. യെമനിലെ ഹുദൈദയിൽ സൈന്യത്തെ പുനർവിന്യസിച്ചത് സൗദി അറേബ്യയുമായി നടത്തിയ സംഭാഷണത്തെ തുടർന്നാണെന്നും മന്ത്രി വ്യക്തമാക്കി.

ഇറാൻ പ്രശ്നത്തിൽ ഏറ്റുമുട്ടൽ ഉപേക്ഷിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന നിലപാട് തന്നെയാണ് ഇരു കൂട്ടരും ഉയർത്തി പിടിക്കുന്നത്. കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള ചിലരുടെ നീക്കം വിജയിക്കാൻ പോകുന്നില്ലെന്നും അൻവർ ഗർഗാശ് കൂട്ടിച്ചേർത്തു. മൽസ്യ ബന്ധനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇറാനുമായി നടന്ന പതിവു യോഗത്തെ പോലും പർവതീകരിക്കുകയായിരുന്ന ചില മാധ്യമങ്ങൾ എന്ന വിമർശവും അദ്ദേഹം ഉന്നയിച്ചു.