LiveTV

Live

Gulf

ഇറാനും ബ്രിട്ടനും തമ്മിലുള്ള പ്രശ്ന പരിഹാരങ്ങള്‍ക്ക് അറുതിയാകുന്നില്ല...

ഏതെങ്കിലും നിലക്കുള്ള ബാർട്ടർ നടപടിയോട് താൽപര്യമില്ലെന്നാണ് ബ്രിട്ടന്‍റെ വാദം

ഇറാനും ബ്രിട്ടനും തമ്മിലുള്ള പ്രശ്ന പരിഹാരങ്ങള്‍ക്ക് അറുതിയാകുന്നില്ല...

എണ്ണ കപ്പലുകൾ പരസ്പരം കൈമാറി ഗൾഫ് സമുദ്രത്തിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാമെന്ന ഇറാന്റെ അഭ്യർഥന ബ്രിട്ടൻ തള്ളി. ജിബ്രാൾട്ടറിൽ തടഞ്ഞു വെച്ച കപ്പൽ വിട്ടു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബ്രിട്ടൻ. ഇതോടെ ഗൾഫ് പ്രതിസന്ധി അനിശ്ചിതമായി നീളുമെന്നും ഉറപ്പായി.

ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച തങ്ങളുടെ കപ്പൽ വിട്ടുകിട്ടാതെ അനുരഞ്ജനം സാധ്യമല്ലെന്ന് ഇറാൻ അറിയിച്ചിരുന്നു. ഒമാൻ വിദേശകാര്യ മന്ത്രിക്കു മുമ്പാകെയും ഇതായിരുന്നു ഇറാൻ ആവശ്യപ്പെട്ടത്. എന്നാൽ കപ്പലുകൾ വെച്ചുമാറിയുള്ള പരിഹാരത്തോട് യോജിപ്പില്ലെന്ന് ബ്രിട്ടന്‍റെ പുതിയ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തീർത്തു പറഞ്ഞു. യൂറോപ്യൻ യൂനിയന്‍റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടു പോകുന്നു എന്നാരോപിച്ചാണ് ഈ മാസം നാലിന് തെഹ്റാന്‍റെ എണ്ണ കപ്പൽ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തത്.

ഏതെങ്കിലും നിലക്കുള്ള ബാർട്ടർ നടപടിയോട് താൽപര്യമില്ലെന്നാണ് ബ്രിട്ടന്‍റെ വാദം. അന്താരാഷ്ട്ര സമുദ്ര സഞ്ചാര ചട്ടങ്ങൾ ഉയർത്തി പിടിക്കാൻ രാജ്യം ബാധ്യസ്ഥമാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഗൾഫ് സമുദ്രത്തിൽ എണ്ണ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കൂട്ടായ നടപടി വേണമെന്ന ബ്രിട്ടന്‍റെ ആവശ്യത്തോട് യൂറോപ്യൻ യൂനിയൻ ഇനിയും പ്രതികരിച്ചിട്ടില്ല. ഇറാന്‍റെ കപ്പൽ പിടിച്ചെടുത്ത് ഗൾഫ് പ്രതിസന്ധി സങ്കീർണമാക്കിയ നടപടിയോട് എതിർപ്പുള്ള രാജ്യങ്ങൾ യൂറോപ്യൻ യൂനിയനിലുണ്ട്. ആണവ കരാർ വിഷയത്തിൽ അമരിക്കയുടെ പിൻമാറ്റമാണ് പ്രതിസന്ധിയുടെ യഥാർഥ കാരണമെന്നും ഈ രാജ്യങ്ങൾ പറയുന്നു.

ജർമനിയും ഒമാനും മറ്റും ഇറാൻ നേതൃത്വവുമായി നടത്തുന്ന പ്രശ്നപരിഹാര ചർച്ചകെള താൽപര്യപൂർവമാണ് പല രാജ്യങ്ങളും നോക്കി കാണുന്നത്. അതേ സമയം ഹോർമുസ് കടലിടുക്കിൽ എണ്ണ കപ്പലുകൾക്ക് സുരക്ഷാ കവചം ഒരുക്കാനുള്ള യു.എസ് നീക്കത്തെ പിന്തുണക്കുന്നതിന്‍റെ ഭാഗമായി എച്ച്.എം.എസ് ഡങ്കൻ എന്ന പുതിയ ബ്രിട്ടീഷ് യുദ്ധ കപ്പലും ഗൾഫ് സമുദ്രത്തിൽ നങ്കൂരമിട്ടു. ഇത് ഇറാനുമായുള്ള തുറന്ന ഏറ്റുമുട്ടൽ സാഹചര്യമാകും രൂപപ്പെടുത്തുന്നത്.