LiveTV

Live

Gulf

കപ്പല്‍ വിട്ടുകിട്ടാതെ ചര്‍ച്ചയില്ലെന്ന് ഇറാന്‍

ഗൾഫ്​ സമു​ദ്രത്തിൽ നടന്ന പരസ്യ കൊള്ളക്ക്​ ​ ബ്രിട്ടൻ തന്നെ പരിഹാരം കാണണമെന്ന്​ ഇറാൻ വക്​താവ്​​ പറഞ്ഞു.

കപ്പല്‍ വിട്ടുകിട്ടാതെ ചര്‍ച്ചയില്ലെന്ന് ഇറാന്‍

ബ്രിട്ടീഷ് എണ്ണകപ്പൽ കൈമാറുന്നതു സംബന്ധിച്ച് ഇറാനുമായി യൂറോപ്യൻ യൂണിയൻ നടത്തിയ മധ്യസ്ഥ ചർച്ചകൾ വിജയിച്ചില്ല. ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച കപ്പൽ വിട്ടുകിട്ടാതെ അനുരഞ്ജനം സാധ്യമല്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്.

പ്രതിസന്ധി തുടരുമെന്ന് വ്യക്തമായ സാഹചര്യത്തിൽ ബ്രിട്ടന്റെ രണ്ടാമത്
യുദ്ധ കപ്പലും ഗൾഫ് സമുദ്രത്തിൽ നങ്കൂരമിട്ടു. ബ്രിട്ടന്റെ പതാക വഹിക്കുന്ന എണ്ണ കപ്പൽ ഇറാൻ പിടിച്ചെടുത്ത് ഒമ്പതു നാൾ പിന്നിടുന്ന ഘട്ടത്തിൽ, സമവായ നീക്കങ്ങളൊന്നും വിജയിച്ചിട്ടില്ല. ജർമനിയും ഒമാനുമാണ് ഇറാൻ നേതൃത്വവുമായി പ്രശ്നപരിഹാര ചർച്ചകൾ നടത്തിയത്.

ഒമാൻ വിദേശകാര്യ മന്ത്രി തെഹ്റാനിലെത്തി പ്രധാന നേതാക്കളുമായൊക്കെ ചർച്ച നടത്തിയെങ്കിലും പിടിച്ചെടുത്ത കപ്പലുകൾ രണ്ടും ഒരേ സമയം പരസ്പരം കൈമാറാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്നാണ് ഇറാൻ നേതൃത്വം വ്യക്തമാക്കിയത്.

ആണവ കരാറിലുൾപ്പെട്ട രാജ്യങ്ങളും ഇറാനും തമ്മിൽ നടന്ന ചർച്ചകളിലും പറയത്തക്ക പുരോഗതിയില്ല. സ്റ്റെന ഇംപരോ, ഗ്രേസ് വൺ എന്നീ എണ്ണ കപ്പലുകളുടെ വിഷയം രണ്ടായി തന്നെ കാണണം എന്നാണ്
ബ്രിട്ടനും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും വിശദീകരിക്കുന്നത്. ഇതിനു മറുപടിയായി ഗൾഫ് സമുദ്രത്തിൽ നടന്ന പരസ്യ കൊള്ളക്ക് ബ്രിട്ടൻ തന്നെ പരിഹാരം കാണണമെന്ന് ഇറാൻ വക്താവ് അലി റബീഅ്
പറഞ്ഞു.

ഹോർമുസ് കടലിടുക്കിൽ എണ്ണ കപ്പലുകൾക്ക് സുരക്ഷാ കവചം ഒരുക്കാനുള്ള യു.എസ് നീക്കത്തോട് ചേർന്നു നിൽക്കുകയാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി എച്ച്.എം.എസ് ഡങ്കൻ എന്ന ബ്രിട്ടീഷ് യുദ്ധ കപ്പലും ഗൾഫിലെത്തി. എച്ച്.എം.എസ് മോൺട്രോസ്
പടക്കപ്പൽ നേരത്തെ തന്നെഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് മുഖേനയുള്ള എല്ലാ ബ്രിട്ടീഷ് എണ്ണ കപ്പലുകൾക്കും പ്രത്യേക സുരക്ഷയും അകമ്പടിയും ഉറപ്പാക്കും.