LiveTV

Live

Gulf

സംഘര്‍ഷങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഒമാന്‍ വിദേശകാര്യ മന്ത്രി ഇറാന്‍ സന്ദര്‍ശിച്ചു

ഈ മാസം 19നാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ബ്രിട്ടന്റെ എണ്ണകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്

സംഘര്‍ഷങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഒമാന്‍ വിദേശകാര്യ മന്ത്രി ഇറാന്‍ സന്ദര്‍ശിച്ചു

എണ്ണക്കപ്പല്‍ വിഷയത്തില്‍ ബ്രിട്ടനും ഇറാനും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനിടെ സമവായ ചര്‍ച്ചയ്ക്കായി ഒമാന്‍ വിദേശകാര്യമന്ത്രി യൂസഫ് ബിന്‍ അലാവി ഇറാനിലെത്തി. ജവാദ് സാരിഫുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്ക-ഇറാന്‍ ബന്ധം വഷളായതിനെ തുടര്‍ന്ന് മേഖലയില്‍ രൂപപ്പെട്ട ആശങ്കകളും ചര്‍ച്ചയാകാന്‍ ഇടയുണ്ട്.

ഈ മാസം 19നാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ബ്രിട്ടന്റെ എണ്ണകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ജിബ്രാള്‍ട്ടറില്‍ വച്ച് ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തതിന് അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു ഇറാന്‍. കപ്പല്‍ വിട്ടു കിട്ടാന്‍ ഒമാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമം‌ പുരോഗമിക്കുന്നതിനിടെയാണ് ഒമാന്‍ വിദേശകാര്യമന്ത്രിയുടെ നിര്‍ണായക ഇറാന്‍ സന്ദര്‍ശനം.

ബ്രിട്ടണുമായുംഇറാനുമായും മികച്ച ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ് ഒമാന്‍. ബ്രിട്ടന്റെ കപ്പല്‍ വിട്ടു നല്‍കണമെന്ന് ഇറാനോട് ഒമാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യൂസഫ് ബിന്‍ അലവിയുടെ സന്ദര്‍ശനം.നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു വിഷയത്തില്‍ ഒമാന്റെ നിലപാട്.ബ്രിട്ടന്റെ എണ്ണ കപ്പല്‍ വിട്ടുകിട്ടുന്നതിനൊപ്പം, മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും ഇരുരാജ്യങ്ങളും തമ്മില്‍ നടന്നക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായാകും.