LiveTV

Live

Gulf

ഗൾഫ് സമുദ്ര മേഖലയിലെ സംഘർഷം; അനുരഞ്ജന നീക്കങ്ങള്‍ ഊര്‍ജിതം

ചർച്ചക്ക് ഒരുക്കമാണെന്ന ഇറാന്‍റെ നിലപാടും സംഘർഷത്തിൽ അയവ് വരുത്തിയിട്ടുണ്ട്

ഗൾഫ് സമുദ്ര മേഖലയിലെ സംഘർഷം; അനുരഞ്ജന നീക്കങ്ങള്‍ ഊര്‍ജിതം

ഗൾഫ് സമുദ്ര മേഖലയിൽ സംഘർഷം മാറ്റമില്ലാതെ തുടരുമ്പോഴും അനുരഞ്ജന നീക്കങ്ങള്‍ ഊര്‍ജിതം. സൈനിക നടപടിക്കു പകരം നയതന്ത്രതലത്തിൽ പ്രശ്നപരിഹാരം ഉണ്ടാകണമെന്ന അഭിപ്രായത്തിനാണ് ബ്രിട്ടനിൽ പോലും മേൽക്കൈ ലഭിക്കുന്നത്. ഹോർമുസ് കടലിടുക്ക് മുഖേന ബ്രിട്ടന്‍റെ എണ്ണ കപ്പൽ സഞ്ചാരം പുനരാരംഭിച്ചതും പ്രതീക്ഷ പകരുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടന്‍റെ എണ്ണ കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതോടെയാണ് ഗൾഫ് മേഖലയിൽ സംഘർഷം വർധിച്ചത്. ഇറാനിൽ നിന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടു പോവുകയായിരുന്ന ഇറാൻ കപ്പൽ ഈ മാസം നാലിന് ബ്രിട്ടീഷ് സൈന്യം പിടികൂടിയതിന്‍റെ പ്രതികാരം കൂടിയായിരുന്നു ഇത്. ഗൾഫ് സമുദ്രത്തിലൂടെ പോകുന്ന എണ്ണ കപ്പലുകൾക്ക് സൈനിക സുരക്ഷാ കവചം ഒരുക്കണമെന്ന അഭിപ്രായം ശക്തമാണെങ്കിലും ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇക്കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കും എന്ന കാര്യം വ്യക്തമല്ല.

ചർച്ചക്ക് ഒരുക്കമാണെന്ന ഇറാന്‍റെ നിലപാടും സംഘർഷത്തിൽ അയവ് വരുത്തിയിട്ടുണ്ട്. അടിയറവ് പറയുമെന്ന് ആരും കരുതേണ്ടതില്ലെന്നും എന്നാൽ അനുരഞ്ജനത്തിന് എപ്പോൾ വേണമെങ്കിലും ഒരുക്കമാണെന്നും ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി പറഞ്ഞു. ആണവ കരാർ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും നിയമാനുസൃതവും സത്യസന്ധവുമായ ചർച്ചയാണ് വേണ്ടതെന്നും ഇറാൻ ആവശ്യപ്പെടുന്നു.

അതിനിടെ, സൈനിക അകമ്പടിയൊന്നും കൂടാതെ ഹോർമുസ് കടലിടുക്കിലൂടെ ബ്രിട്ടന്‍റെ ബി ഡബ്ല്യു ഇ.എൽ.എം എണ്ണ കപ്പൽ ഖത്തറിൽ എത്തിച്ചേർന്നു. കപ്പൽപാത സുരക്ഷിതമാണെന്ന സന്ദേശം നൽകിയിരിക്കെ, നയതന്ത്ര ചർച്ചക്ക് ഇത് ആക്കം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. ഹോർമുസ് കടലിടുക്ക് ഉപേക്ഷിക്കണമെന്ന് കപ്പൽ ഉടമകൾക്ക് നേരത്തെ ബ്രിട്ടൻ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രശ്ന പരിഹാരത്തിന് ഫ്രാൻസ് വീണ്ടും മുൻകൈയെടുത്തേക്കുമെന്നും റിപ്പാർട്ടുണ്ട്.