LiveTV

Live

Gulf

തടവുകാരുടെ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾക്ക് വേഗത പകരാൻ കേന്ദ്ര സർക്കാർ

ഇന്ത്യയിലേക്കുള്ള തടവുകാരുടെ സന്നദ്ധതപത്രം ഇതിനകം നയതന്ത്ര കേന്ദ്രത്തിന് കൈമാറിയെങ്കിലും തുടർ നടപടികൾ അനിശ്ചിതമായി നീളുകയായിരുന്നു

തടവുകാരുടെ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾക്ക് വേഗത പകരാൻ കേന്ദ്ര സർക്കാർ

തടവുകാരുടെ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾക്ക് വേഗത പകരാൻ കേന്ദ്ര സർക്കാർ രംഗത്ത്. യു.എ.ഇ ജയിലുകളിൽ കഴിയുന്ന എൺപതോളം ഇന്ത്യൻ തടവുകാരുടെ കൈമാറ്റം അധികം വൈകാതെ നടപ്പാകും എന്നാണ് പ്രതീക്ഷ. യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായി ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളും ഉടൻ ഉണ്ടായേക്കും.

യു.എ.ഇയിൽ നിന്ന് ഇന്ത്യൻ ജയിലുകളിലേക്ക് മാറാൻ സന്നദ്ധത അറിയിച്ചവരുടെ കാര്യത്തിൽ സർക്കാർ സജീവ നടപടികൾ സ്വീകരിക്കുമെന്ന് ലോക്സഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരനാണ് അറിയിച്ചത്. ഇന്ത്യ-യു.എ.ഇ തടവുകാരുടെ കൈമാറ്റത്തിന് നേരത്തെ ധാരണ രൂപപ്പെട്ടതാണ്. 2011 നവംബർ 23ന് ഡല്‍ഹിയിലാണ് ഇതു സംബന്ധിച്ച കരാർ പിറന്നത്. യു.എ.ഇ മന്ത്രിസഭയും ഇതിന് അംഗീകാരം നൽകിയതാണ്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കു മാത്രമാണ് കരാറിനു ചുവടെ ഇളവ് ലഭ്യമാവുക.

ഇന്ത്യയിലേക്കുള്ള തടവുകാരുടെ സന്നദ്ധതപത്രം ഇതിനകം നയതന്ത്ര കേന്ദ്രത്തിന് കൈമാറിയെങ്കിലും തുടർ നടപടികൾ അനിശ്ചിതമായി നീളുകയായിരുന്നു. 120 ഇന്ത്യൻ തടവുകാർ ശിക്ഷാ കാലാവധിയുടെ ബാക്കി ഇന്ത്യൻ ജയിലുകളിൽ ചെലവിടാൻ തയാറാണെന്ന് രേഖാമൂലം അറിയിച്ചിരുന്നു. ഇവരിൽ ചിലർ ഇതിനകം യു.എ.ഇയുടെ ഇളവ് ആനുകൂല്യത്തിൽ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ബാക്കിയുള്ള ഏതാണ്ട് എൺപതോളം പേരുടെ വിവരങ്ങൾ യു.എ.ഇയിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രം കൈമാറിയിരുന്നുവെന്ന് മന്ത്രി മുരളീധരൻ സഭയിൽ വ്യക്തമാക്കി.

ഇവരുടെ കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ ഇരു രാജ്യങ്ങളും നീക്കമാരംഭിച്ചുവെന്നും ലോക്സഭയിൽ രാഹുൽ കസ്വാൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. ഇനിയും കാലവിളംബം കൂടാതെ കരാർ നടപ്പിൽ വരുത്താൻ കേന്ദ്രം മുൻകൈയെടുക്കുമെന്ന പ്രതീക്ഷയിലാണ് തടവുകാർ.