LiveTV

Live

Gulf

അബൂദബി കിരീടാവകാശിയുടെ ചൈന സന്ദർശനം: സുപ്രധാന കരാറുകൾക്ക്​ രൂപം നൽകാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം

അടുത്തിടെ ചൈനീസ് പ്രസിഡന്‍റ് യു.എ.ഇ സന്ദർശിക്കുകയും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താൻ ശക്തമായ ചില നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു

അബൂദബി കിരീടാവകാശിയുടെ ചൈന സന്ദർശനം: സുപ്രധാന കരാറുകൾക്ക്​ രൂപം നൽകാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം

സഹകരണത്തിന്‍റെ ഏറ്റവും മികച്ച അധ്യായം രചിച്ച് മുന്നേറാൻ യു.എ.ഇയും ചൈനയും തയാറെടുക്കുന്നു. അബൂദബി കിരീടാവകാശിയുടെ ചൈന സന്ദർശനം അടുത്ത ആഴ്
ച നടക്കാനിരിക്കെ, വിവിധ മേഖലകളിൽ സുപ്രധാന കരാറുകൾക്ക്
രൂപം നൽകാനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ചൈന സന്ദർശനം ഏറെ താൽപര്യത്തോടെയാണ് ഗൾഫ് മേഖല നോക്കി കാണുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങുമായി അദ്ദേഹം ചർച്ച നടത്തും. മന്ത്രി ഡോ. സുൽത്താൻ അൽ ജാബിറും അഡ്നോക് സാരഥികൾ ഉൾപ്പെടെയുള്ളവരും ശൈഖ് മുഹമ്മദിനെ അനുഗമിക്കും.

അടുത്തിടെ ചൈനീസ് പ്രസിഡന്‍റ് യു.എ.ഇ സന്ദർശിക്കുകയും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താൻ ശക്തമായ ചില നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിന്‍റെ തുടർച്ച എന്ന നിലക്കു കൂടിയാണ് ശൈഖ് മുഹമ്മദിന്റെ ചൈനീസ് പര്യടനം.

രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ സായിദ് മെഡൽ ചൈനീസ് പ്രസിഡന്‍റിന് കൈമാറിയിരുന്നു. ഊർജം, സാങ്കേതികം, അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ ഒട്ടേറെ പദ്ധതികളാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ചൈനീസ് നഗരങ്ങളിലേക്ക് പ്രതിവാരം നൂറിലേറെ വിമാന സർവീസുകൾ നടത്തിയും ലോക വിപണിയിലേക്ക് ഉൽപന്നങ്ങൾ എത്തിച്ചും മറ്റൊരു രാജ്യവുമായി ഇല്ലാത്തവിധം വിപുല ബന്ധം തന്നെയാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. അറബ് ലോകവും ചൈനയും തമ്മിൽ അടുത്ത സമ്പർക്കം രൂപപ്പെടുന്നത് മേഖല നേരിടുന്ന സുരക്ഷാ ഭീഷണി ഉൾപ്പെടെയുള്ളവ മറികടക്കാനും സഹായകമാകും എന്നാണ് വിലയിരുത്തൽ.