LiveTV

Live

Gulf

ഗള്‍ഫ് സംഘര്‍ഷം അയയുന്നു

ഗൾഫ് സമുദ്രമേഖലയിൽ ആറ് എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തോടെയാണ് അമേരിക്ക, ഇറാൻ സംഘർഷം രൂക്ഷമായത്.

ഗള്‍ഫ് സംഘര്‍ഷം അയയുന്നു

ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിൽ മഞ്ഞുരുക്കത്തിന്റെ സൂചന. പശ്ചിമേഷ്യയിൽ ആപൽക്കരമായ സാഹചര്യം ഒഴിവാക്കാൻ അമേരിക്കയും ഒറ്റപ്പെടലിന്റെ പ്രത്യാഘാതം പരമാവധി കുറക്കാൻ ഇറാനും തീരുമാനിച്ച സഹചര്യത്തിലാണിത്. അതേ സമയം മേഖലയിൽ യുദ്ധസന്നാഹങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്.

ഗൾഫ് സമുദ്രമേഖലയിൽ ആറ് എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തോടെയാണ് അമേരിക്ക, ഇറാൻ സംഘർഷം രൂക്ഷമായത്. രണ്ട് യു.എസ് പടക്കപ്പലുകൾ ഗൾഫ് സമുദ്രത്തിൽ വിന്യസിച്ചതിനു പുറമെ ബ്രിട്ടൻ പുതിയ പടക്കപ്പൽ അയക്കാനും തീരുമാനിച്ചതോടെ യുദ്ധഭീതി വർധിച്ചിരുന്നു. എന്നാൽ സംയമന നിലപാടിലേക്ക് ഇറാനും പ്രകോപനപരമായ പ്രസ്താവനകളിൽ നിന്ന് പിൻമാറാൻ അമേരിക്കയും തീരുമാനിച്ചത് സംഘർഷത്തിൽ അയവ് കൊണ്ടുവന്നിട്ടുണ്ട്.

ഇറാൻെറ എണ്ണ ടാങ്കർ ഉപാധികളുടെ പുറത്ത് വിട്ടു കൊടുക്കുമെന്ന ബ്രിട്ടന്റെ പ്രഖ്യാപനവും കാലുഷ്യം കുറക്കാൻ സഹായകമായി. തികച്ചും തന്ത്രപരമായ മൗനമാണ് ഇറാൻ വിഷയത്തിൽ അമേരിക്ക ഇപ്പോൾ കൈക്കൊള്ളുന്നതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗൾഫ് സമുദ്ര സുരക്ഷ ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളുടെ കൂട്ടായ്മ രൂപവത്കരിക്കാൻ യു.എസ് നടത്തുന്ന നീക്കം കുറെയൊക്കെ വിജയിച്ചിട്ടുണ്ട്.

ജപ്പാൻ, സ്വിറ്റ്സർലാൻറ്, ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടലും ഗുണം ചെയ്തുവെന്നു വേണം വിലയിരുത്താൻ. പരമാവധി രാജ്യങ്ങളുടെ സഖ്യത്തിന് രൂപം നൽകി ഇറാനു മേൽ സമ്മർദം ചെലുത്താനുള്ള നീക്കത്തിലാണ് അമേരിക്ക. യൂറോപ്യൻ യൂനിയനും അന്താരാഷ്ട്ര ആണവോർജ സമിതിയും എതിരാകുന്നത് തിരിച്ചടിയാകുമെന്ന് ഇറാനും കണക്കുകൂട്ടുന്നു. യുറേനിയം സമ്പുഷ്ടീകരണ തോത് വർധിപ്പിച്ച ഇറാനുമായി ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ നയതന്ത്ര ചർച്ചക്ക്
തയാറായതും പ്രതിസന്ധി കുറക്കാൻ സഹായകമായിട്ടുണ്ട്.