LiveTV

Live

Gulf

‘ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ സേന നീക്കം നടത്തി’; ഇറാനെതിരെ ആരോപണവുമായി അമേരിക്കയും ബ്രിട്ടണും 

‘ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ സേന നീക്കം നടത്തി’; ഇറാനെതിരെ ആരോപണവുമായി അമേരിക്കയും ബ്രിട്ടണും 

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ തടഞ്ഞുവെക്കാന്‍ ഇറാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബ്രിട്ടന്‍ സര്‍ക്കാര്‍. ഹോര്‍മുസ് വഴി സഞ്ചരിക്കുകയായിരുന്ന ബി.പി ടാങ്കറിന് നേരെ ഇറാന്‍ കപ്പലുകള്‍ അടുത്ത് വന്നതായും, ചില വാക്കുതര്‍ക്കങ്ങള്‍ക്ക് ശേഷം ഇറാന്‍ കപ്പലുകള്‍ അവിടം വിട്ടതായും ബ്രിട്ടന്‍ അറിയിച്ചു. മേഖലയിലെ സാഹചര്യം ഏറെ ആശങ്കാജനകമാണെന്ന് ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ജര്‍മി ഹന്‍ഡ് പറഞ്ഞു. എന്നാല്‍ ആരോപണം ഇറാന്‍ തള്ളി.

മേഖലയില്‍ സംഘര്‍ഷം നിലനിര്‍ത്താനുള്ള ബ്രിട്ടന്റെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്ന് വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് പറഞ്ഞു. സിറിയയിലേക്ക് ഇറാനിൽ നിന്ന് എണ്ണയുമായി പുറപ്പെട്ട കപ്പൽ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് നാവിക സേന തടഞ്ഞത് തെഹ്റാനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബ്രിട്ടന്റെ നയതന്ത്ര പ്രതിനിധിയെ തെഹ്റാൻ വിളിച്ചു വരുത്തുകയും ചെയ്തു. അതിനിടയിലാണ്
പുതിയ സംഭവം.

ബ്രിട്ടീഷ് ഹെറിട്ടേജ് ടാങ്കര്‍ ഹോര്‍മുസ് കടലിടുക്ക് കടക്കുമ്പോൾ ഇറാന്റെ 5 ബോട്ടുകള്‍ വളഞ്ഞുവെന്നാണ് അമേരിക്കൻ വാദം. എണ്ണക്കപ്പല്‍ ഗതിമാറ്റി ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ നിര്‍ത്താന്‍ ആവശ്യപ്പെടടുകയും ചെയ്തു. എന്നാല്‍ എണ്ണക്കപ്പലിന് അകമ്പടി സേവിച്ചിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്.എം.എസ് മോണ്‍ട്രോസ്, തോക്കുകള്‍ ഇറാന്‍ ബോട്ടുകള്‍ക്കു നേരെ തിരിച്ച് മുന്നറിയിപ്പു നൽകുകയായിരുന്നു. തുടർന്ന്
ഇറാന്റെ ബോട്ടുകള്‍ പിന്മാറുകയായിരുന്നു. അമേരിക്കയുടെ യുദ്ധവിമാനം ദൃശ്യങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ചെറുബോട്ടുകളെ തുരത്താന്‍ കെൽപ്പുള്ള 30 എം.എം തോക്കുകളാണ് എച്ച്.എം.എസ് മോണ്‍ട്രോസിലുള്ളത്. ഏതായാലും പുതിയ സംഭവവികാസങ്ങൾ ഉയർത്തികാട്ടി ഇറാനെതിരെ ശക്തമായ സമ്മർദം രൂപപ്പെടുത്താനുള്ള തിടുക്കത്തിലാണ് അമേരിക്ക.