LiveTV

Live

Gulf

ഗൾഫ്​ സമുദ്രത്തിലൂടെയുള്ള  കപ്പലുകൾക്ക്​ സംയുക്ത സുരക്ഷാ പദ്ധതിയുമായി അമേരിക്ക രംഗത്ത്

ഗൾഫ്​ സമുദ്രത്തിലൂടെയുള്ള  കപ്പലുകൾക്ക്​ സംയുക്ത സുരക്ഷാ പദ്ധതിയുമായി അമേരിക്ക രംഗത്ത്

ഗൾഫ്​ സമുദ്രത്തിലൂടെ കടന്നു പോകുന്ന കപ്പലുകൾക്ക്​ സംയുക്​ത സുരക്ഷാ പദ്ധതിയുമായി അമേരിക്ക രംഗത്ത്​. ഇറാനുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ്​ ബദൽ നീക്കം. മേഖലയിലെ മുഴുവൻ സൗഹൃദരാജ്യങ്ങളുടെയും പിന്തുണ ഇക്കാര്യത്തിൽ ഉറപ്പാക്കാനാണ്​ യു.എസ്​ ആലോചിക്കുന്നത്​.

പരമാവധി രാജ്യങ്ങളെ ഉൾപ്പെടുത്തിയ നാവിക സുരക്ഷാ പദ്ധതിയാണ്​ ഗൾഫിൽ അമേരിക്ക ലക്ഷ്യമിടുന്നത്​. ഏതു നിലക്കുള്ള ആക്രമണവും നേരിടാൻ കപ്പലുകൾക്ക്​ സംയുക്​ത പെട്രോളിങ്ങ്​ ഏർപ്പെടുത്തും. ആറ്​ എണ്ണ കപ്പലുകൾക്കു നേരെ അടുത്തിടെ ഉണ്ടായ ആക്രമണം കൂടി കണക്കിലെടുത്താണ്​ നീക്കം. ഹോർമുസ്​ കടലിടുക്ക്​ മുഖേനയുള്ള കപ്പൽ സഞ്ചാരം സ്വതന്ത്രവും സുരക്ഷിതവുമാക്കാൻ മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ആശയവിനിമയം തുടരുകയാണെന്ന്​ അമേരിക്കൻ സംയുക്​ത സൈനിക ​സാരഥി ജനറൽ ജോസഫ്​ ഡൺഫോഡ്​ പറഞ്ഞു.

പദ്ധതി സംബന്​ധിച്ച അന്തിമ ചിത്രം ഉടൻ തന്നെ തയാറാകും. ഓരോ രാജ്യത്തിനും ഏതൊക്കെ നിലക്ക്​ പദ്ധതിയുമായി സഹകരിക്കാൻ സാധിക്കും എന്ന കാര്യത്തിലും ഉടൻ വ്യക്​തത ഉണ്ടാകുമെന്ന്​ ജനറൽ ജോസഫ്​ ​ഡൺഫോഡ്​ അറിയിച്ചു. യുറേനിയം സമ്പുഷ്​ടീകരണവുമായി ഇറാൻ മുന്നോട്ടു പോയാൽ കടുത്ത ചില നടപടികൾ ഉണ്ടാകുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ട്രംപ്​ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയ പശ്ചാത്തലത്തിൽ കൂടിയാണ്​ പുതിയ കപ്പൽ സുരക്ഷാ പദ്ധതി എന്നതും ശ്രദ്ധേയമാണ്​.