LiveTV

Live

Gulf

ലോക കേരള സഭയുടെ ഭാവി സംബന്​ധിച്ച പ്രതിസന്ധി തീർക്കാൻ സർക്കാർ 

ലോക കേരള സഭയുടെ ഭാവി സംബന്​ധിച്ച പ്രതിസന്ധി തീർക്കാൻ സർക്കാർ 

ലോക കേരള സഭയുടെ ഭാവി സംബന്ധിച്ച ആശങ്ക ശക്തമായിരിക്കെ, പ്രതിസന്ധി തീർക്കാൻ സർക്കാർ തന്നെ മുൻകൈയെടുത്തേക്കുമെന്ന്
സൂചന. ഒന്നര വർഷം മുമ്പ് നിലവിൽ വന്ന സഭയുടെ തുടർ പ്രവർത്തനങ്ങൾ തീർത്തും സ്തംഭിച്ച മട്ടിലാണിപ്പോൾ. രാജിവെച്ച പ്രതിപക്ഷ പാർട്ടി പ്രതിനിധികളെ തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്നു തന്നെയാണ് സർക്കാർ പ്രതീക്ഷ.

ആന്തൂരിൽ പ്രവാസി സംരംഭകൻ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നാണ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉൾപ്പെടെ ഏറെക്കുറെ എല്ലാ പ്രതിപക്ഷ പ്രതിനിധികളും ലോക കേരള സഭയിൽ നിന്ന് രാജിവെച്ചത്. ഗൾഫ് മേഖലയിൽ നിന്നുള്ള യു.ഡി.എഫ്
പ്രതിനിധികളും സഭാംഗത്വം രാജി വെച്ചിരുന്നു. എന്നാൽ ആന്തൂരിൽ സാജന്റെ ആത്മഹത്യയിലേക്കു നയിച്ച കാര്യങ്ങളെ കുറിച്ച അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നതോടെ പ്രതിപക്ഷ വാദം ദുർബലപ്പടുമെന്നാണ്
സർക്കാർ വിലയിരുത്തൽ. ലോക കേരള സഭയെ തകർക്കാനുള്ള നീക്കം പ്രവാസി താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്
സർക്കാർ അനുകൂല അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ ശക്തമായ ബോധവത്കരണവും പുതിയ തിരിച്ചറിവും രൂപപ്പെടുത്തിയില്ലെങ്കിൽ പ്രവാസി സംരംഭകർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം മാറില്ലെന്ന മുന്നറിയിപ്പാണ് മറുവിഭാഗം ഉന്നയിക്കുന്നത്.

ലോക കേരള സഭയുടെ ദുബൈ റീജ്യനൽ സമ്മേളനം മാത്രമാണ്
നടന്നത്. യൂറോപ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട റീജ്യനൽ സമ്മേളനം അനിശ്ചിതത്വത്തിലാണ്. സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾക്ക്
മൂർത്ത പരിഹാരം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള നടപടികളും പ്രവാസി പിന്തുണ വീണ്ടെടുക്കുന്നതിൽ പ്രധാനമാണ്.