LiveTV

Live

Gulf

കേന്ദ്ര ബജറ്റ്; ഗള്‍ഫില്‍ സമ്മിശ്ര പ്രതികരണം

ആഗോള പ്രവാസി നിക്ഷേപകരുടെ വാര്‍ഷിക സമ്മേളനം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും, പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാനുള്ള തീരുമാനവും ഗുണം ചെയ്യും.

കേന്ദ്ര ബജറ്റ്; ഗള്‍ഫില്‍ സമ്മിശ്ര പ്രതികരണം

കേന്ദ്ര ബജറ്റിനോട് ഗള്‍ഫിലെ ഇന്ത്യന്‍ ബിസിനസ് പ്രമുഖര്‍ക്ക് സമ്മിശ്ര പ്രതികരണം. കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ശക്തമായ വിമര്‍ശവും ഉയരുന്നുണ്ട്. ആഗോള പ്രവാസി നിക്ഷേപകരുടെ വാര്‍ഷിക സമ്മേളനം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും, പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാനുള്ള തീരുമാനവും ഗുണം ചെയ്യും. എന്നാല്‍, പ്രവാസികള്‍ക്കും ആരോഗ്യ മേഖലക്കും കാര്യമായ പ്രഖ്യാപനങ്ങളില്ല. സ്വര്‍ണത്തിന് അധിക ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതിനെയും സംരംഭകര്‍ വിമര്‍ശിച്ചു.

ഫൈവ് ട്രില്യന്‍ ഡോളര്‍ സാമ്പത്തിക രംഗം എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ളതാണ് കേന്ദ്ര ബജറ്റെന്ന് പ്രവാസി വ്യവസായി എം.എ യൂസഫലി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നത് രാജ്യത്തെ വിദ്യാഭ്യാസ ഹബ്ബായി വളര്‍ത്തും. എല്ലാ വര്‍ഷവും ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് നടത്താനുള്ള തീരുമാനം ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ നിക്ഷേപം എളുപ്പമാക്കുമെന്നും എം.എ യൂസഫലി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

സാമ്പത്തിക പുരോഗതി ലക്ഷ്യമിടുന്ന ബജറ്റാണെങ്കിലും പ്രവാസികള്‍ക്കും ആരോഗ്യ മേഖലക്കുമായി കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെന്ന് ഡോ. ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ മേഖലക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫണ്ടും ബജറ്റില്‍ കണ്ടില്ല.

എന്നാല്‍ വിദ്യാഭ്യാസ മേഖലക്ക് നല്‍കിയ ഊന്നല്‍ പ്രശംസനീയമാണെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഗ്രാമീണ ഇന്ത്യക്ക് ഗുണകരമാകുന്ന ബജറ്റ് പക്ഷെ, ആഭ്യന്തര സ്വര്‍ണ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് മലബാര്‍ ഗോ‍ള്‍ഡ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് ചൂണ്ടിക്കാട്ടി.

സ്വര്‍ണം ഇറക്കുമതിക്ക് അധിക ചുങ്കം ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധ സ്വര്‍ണ വ്യാപാരം ശക്തിപ്പെടുത്താന്‍ വഴിവെക്കും. എന്നാല്‍, ഗള്‍ഫിലെയും സിങ്കപ്പൂരിലെയും സ്വര്‍ണ വിപണികളിലെ ഉപഭോക്താക്കള്‍ക്ക് വിലയില്‍ നേട്ടമാകുമെന്ന് ഷംലാല്‍ അഹമ്മദ് പറഞ്ഞു.