LiveTV

Live

Gulf

ആണവ കരാര്‍ മറികടന്നുള്ള ഇറാന്‍ നീക്കങ്ങള്‍ വഴിവെക്കുന്നത് ഗള്‍ഫ് പ്രതിസന്ധിയിലേക്ക്

ഏതായാലും പശ്ചിമേഷ്യൻ സംഘർഷത്തിന് കൂടുതൽ വ്യാപ്തി പകരുന്നതാകും ഇറാന്‍റെ നടപടി

ആണവ കരാര്‍ മറികടന്നുള്ള ഇറാന്‍ നീക്കങ്ങള്‍ വഴിവെക്കുന്നത് ഗള്‍ഫ് പ്രതിസന്ധിയിലേക്ക്

2015ൽ വൻശക്തി രാജ്യങ്ങളുമായി ഒപ്പുവെച്ച ആണവ കരാർ വ്യവസ്ഥകൾ മറികടന്ന് യുറേനിയം സമ്പുഷ്ടീകരണ തോത് ഉയർത്താൻ ഇറാൻ തീരുമാനിച്ചതോടെ ഗൾഫ് പ്രതിസന്ധി കൂടുതൽ സങ്കീർണമായി. ഇറാനെതിരെ ശക്തമായ നടപടി വേണമെന്ന് ഇസ്രായേൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും കരുതലോടെയുള്ള നടപടികൾ മതിയെന്നാണ്
അമേരിക്കയുടെ തീരുമാനം. ആണവ കരാറിൽ നിന്നുള്ള ഇറാൻ പിൻമാറ്റം അയൽ രാജ്യങ്ങളിലും ആശങ്ക ഉയർത്തുന്നുണ്ട്.

യുറേനിയം സമ്പുഷ്ടീകരണ തോത് വർധിപ്പിച്ച വിവരം ഇറാൻ തന്നെയാണ് വെളിപ്പെടുത്തിയത്. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങും എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അതേ സമയം, ഇറാൻ കരാറിൽ നിന്ന് പിൻവാങ്ങുന്ന സാഹചര്യം തടയാനുള്ള നയതന്ത്ര നീക്കങ്ങൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ശക്തമാക്കുകയാണ്. അമേരിക്കൻ ഉപരോധം മറികടക്കാൻ ആവശ്യമായ ചില ഇളവുകൾ നൽകി ഇറാനെ അനുനയിപ്പിക്കാനാണ്
നീക്കം. എന്നാൽ കരാർ വ്യവസ്ഥ തള്ളിയ നിലക്ക് ഇറാനെതിരെ ഉപരോധം വേണമെന്ന് യൂറോപ്യൻ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

കരാറിൽ നിന്ന് നേരത്തെ പിൻവാങ്ങിയ അമേരിക്ക കടുത്ത ഉപരോധ നടപടികൾ പ്രഖ്യാപിച്ചതാണ് യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയയുമായി മുന്നോട്ടു പോകാൻ ഇറാനെ പ്രേരിപ്പിക്കുന്നത്. ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ എന്നിവയാണ് ഇറാനുമായുള്ള ആണവ കരാറിൽ ഭാഗഭാക്കായ മറ്റു രാജ്യങ്ങൾ. അമേരിക്കയുടെ പിൻമാറ്റവും സമ്മർദവുമാണ് ഇറാൻ തീരുമാനത്തിന് വഴിയൊരുക്കിയതെന്ന് റഷ്യ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമപ്രകാരം യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയയിൽ നിന്ന് ഇറാനെ തടയുക എളുപ്പമല്ല. അതേ സമയം ഇസ്രായേലിന്‍റെ സമ്മർദം അവഗണിക്കാനും അമേരിക്കക്ക് എളുപ്പമല്ല. ഏതായാലും പശ്ചിമേഷ്യൻ സംഘർഷത്തിന് കൂടുതൽ വ്യാപ്തി പകരുന്നതാകും ഇറാന്‍റെ നടപടി.