LiveTV

Live

Gulf

അബഹ വിമാനത്താവള ആക്രമണം; ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു

മേഖലയിൽ സുരക്ഷയും സുസ്ഥിരതയും ഇല്ലാതാക്കുന്നതിന് ഇറാൻ പിന്തുണയോടെ ഹൂതി സേന നടത്തുന്ന ഭീകര പ്രവണതകളുടെ പുതിയ തെളിവാണിതെന്ന് യു.എ.ഇ കുറ്റപ്പെടുത്തി

അബഹ വിമാനത്താവള ആക്രമണം; ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു

സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിൽ ഞായറാഴ്ച ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റിൽപറത്തുന്ന ഭീകരാക്രമണമാണ് ഇതെന്ന് യു.എ.ഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം കുറ്റപ്പെടുത്തി. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കുവൈത്തും പ്രതികരിച്ചു.

മേഖലയിൽ സുരക്ഷയും സുസ്ഥിരതയും ഇല്ലാതാക്കുന്നതിന് ഇറാൻ പിന്തുണയോടെ ഹൂതി സേന നടത്തുന്ന ഭീകര പ്രവണതകളുടെ പുതിയ തെളിവാണിതെന്ന് യു.എ.ഇ കുറ്റപ്പെടുത്തി. സൗദി അറേബ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും യു.എ.ഇ അറിയിച്ചു. സൗദിയുടെ സുരക്ഷക്കുള്ള എതു തരത്തിലുള്ള ഭീഷണിയും യു.എ.ഇയുടെ സുരക്ഷക്കും സുസ്ഥിരതക്കുമുള്ള ഭീഷണിയായി പരിഗണിക്കും.

ബഹ്റൈൻ, ഈജിപ്ത്, കുവൈത്ത് രാജ്യങ്ങളും ഹൂതി ആക്രമണത്തെ അപലപിച്ചു. സൗദിയുടെ സുരക്ഷക്ക് മേലുള്ള എത് ആക്രമണവും മേഖലയുടെ സുരക്ഷിതത്വത്തെ അപകടപ്പെടുത്തുന്നതാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജൂണിൽ രണ്ടാം തവണയാണ് അബ്ഹ വിമാനത്താവളം ആക്രമിക്കപ്പെടുന്നത്. ജൂൺ 12നുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റിരുന്നു.

Also read: അബഹ വിമാനത്താവളത്തിന് നേരായ ഹൂതി ആക്രമണം; കൊല്ലപ്പെട്ടത് സിറിയന്‍ പൗരന്‍,അപലപിച്ച് ലോക രാജ്യങ്ങള്‍‌