LiveTV

Live

Gulf

ഇറാനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക

ഇറാനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക

ഇറാനു നേരെ സൈബർ ആക്രമണം നടത്തിയതിനു പിന്നാലെ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനും അമേരിക്ക ശ്രമം തുടങ്ങി. സംഘർഷം കനത്തതോടെ പ്രശ്​നത്തിന്​ രാഷ്​ട്രീയ പരിഹാരമാണ്​ വേണ്ടതെന്ന ആവശ്യവുമായി യു.എ.ഇയുള്ള ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങൾ രംഗത്തു വന്നു. അമേരിക്കയുമായി ഒത്തുതീർപ്പിനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്​ ഇറാൻ.

യു.എസ്​ പ്രസിഡൻറ്​ ട്രംപിന്റെ ഉത്തരവിനെ തുടർന്നാണ്​ ഇറാനു നേരെ സൈബർ ആക്രമണം ഉണ്ടായത്​. മിസൈൽ നിയന്ത്രിത സാങ്കേതിക സംവിധാനങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു സൈബർ ആക്രമണം എന്നാണ്​ അമേരിക്ക വിശദീകരിക്കുന്നത്​. എന്നാൽ സൈബർ ആക്രമണം ഇറാനെ എത്രമാത്രം ബാധിച്ചുവെന്ന കാര്യം വ്യക്​തമല്ല. കൂടുതൽ കടുത്ത ഉപരോധങ്ങൾ ഇറാനു മേൽ ഏർപ്പെടുത്തുമെന്നും അമേരിക്ക അറിയിച്ചു. ഇറാൻ മേഖലയിൽ നടത്തുന്ന ​ഇടപെടൽ അവസാനിപ്പിക്കാൻ തങ്ങൾ പ്രതിജ്​ഞാബദ്ധമാണെന്നും അമേരിക്കയുടെ ക്ഷമയെ ദൗർബല്യമായി ഇറാൻ കാണരുതെന്നും ഇസ്രായേൽ സന്ദർശനത്തിനിടെ, യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപിയോ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ പ്രത്യേക പ്രതിനിധിയുടെ യു.എ.ഇ സന്ദർശനം തുടരുകയാണ്​.

ഗൾഫ്​ മേഖലയിൽ അമേരിക്കയും ​ഇറാനും സൈനിക സന്നാഹങ്ങൾ വർധിപ്പിച്ചത്​ ഗൾഫ്​ രാജ്യങ്ങളിലും ആശങ്ക പടർത്തുന്നുണ്ട്​. ഗൾഫ്​ സംഘർഷത്തിന്​ ചർച്ചകളിലൂടെ രാഷ്​ട്രീയ പരിഹാരം ഉറപ്പാക്കാനാണ്​ ഇരുപക്ഷവും തുനിയേണ്ടതെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ്​ ട്വിറ്ററിൽ വ്യക്​തമാക്കി. എണ്ണ ടാങ്കറുകൾക്കു നേരെ നടന്ന ആക്രമണത്തിനു പിന്നാലെ ആളില്ലാ യു.എസ്​ ചാരവിമാനം വെടിവെച്ചിട്ടതും ​ ഇറാനെതിരെ നടപടികൾ ശക്​തമാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുകയാണ്​.