LiveTV

Live

Gulf

അമേരിക്ക - ഇറാൻ സംഘർഷം; എണ്ണവിപണിയിലും വർധന

അതിനിടെ, സാമ്പത്തിക വർഷം രണ്ടാം പാദത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്

അമേരിക്ക - ഇറാൻ സംഘർഷം; എണ്ണവിപണിയിലും വർധന

അമേരിക്ക, ഇറാൻ സംഘർഷം രൂക്ഷമായതോടെ എണ്ണവിപണിയിലും വർധന. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 65 ഡോളറിന് അടുത്തെത്തി. എണ്ണവില ഇനിയും ഉയർന്നേക്കും എന്നാണ്
ആശങ്ക.

ലോകത്തെ എണ്ണ കയറ്റുമതിയിൽ മുപ്പതു ശതമാനവും കടന്നു പോകുന്ന ഹോർമുസ് കടലിടുക്ക് കേന്ദ്രമായി യു.എസ്, ഇറാൻ സൈനിക നടപടികൾ ശക്തിപ്പെടുന്നതാണ് വിപണിയിൽ വില ഉയരാൻ പ്രധാന കാരണം. അമേരിക്കയുടെ ആളില്ലാ വിമാനം ഇറാൻ വെടിവെച്ചിട്ട വ്യാഴാഴ്ച മാത്രം നാലു ശതമാനം നിരക്കുവർധനയാണ് ഉണ്ടായത്. എണ്ണ ടാങ്കറുകൾക്കെതിരെ നടന്ന ആക്രമണവും വിലവർധനക്ക് ആക്കം കുട്ടിയിട്ടുണ്ട്. യുദ്ധത്തിന് ഒരുക്കമാണെന്ന ഇറാന്‍റെ പ്രഖ്യാപനവും സൈനിക നടപടി സംബന്ധിച്ച അമേരിക്കയുടെ ആലോചനകളും എണ്ണവിപണിക്ക് ആഘാതമാകും. ഉൽപാദനം കുറച്ച് വിപണിയിൽ വില സന്തുലിതമാക്കാനുള്ള നീക്കങ്ങളാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് കുറച്ചു കാലമായി തുടരുന്നത്. ഉൽപാദനം ഉയർത്തി വില കുറക്കാൻ വഴിയൊരുക്കണമെന്ന് സൗദി ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്കു മേൽ യു.എസ് സമ്മർദമുണ്ട്. എണ്ണവില ഉയരുന്നതിനൊപ്പം ഇന്ത്യൻ രൂപ ശക്തിപ്പെടുന്ന പ്രവണതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

അതിനിടെ, സാമ്പത്തിക വർഷം രണ്ടാം പാദത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്. അമേരിക്കയിലെ കേന്ദ്ര ബാങ്ക് ആയ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറച്ചതും രൂപയൂടെ മൂല്യത്തിൽ പ്രതിഫലിക്കും. 2008നു ശേഷം ഒരോ തവണയും പലിശ കൂട്ടിവന്ന പ്രവണതക്കാണ് മാറ്റം വന്നിരിക്കുന്നത്. വിപണിയിൽ പണ ലഭ്യത കൂടുന്നതോടെ ഡോളറിന്റെ മൂല്യം കുറയുകയും ഇന്ത്യൻ രൂപക്ക് വിലയേറുകയും ചെയ്യും.