LiveTV

Live

Gulf

യു.എ.ഇയിലെ വടക്കന്‍ എമിറേറ്റുകളും കുടുംബവിസക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

ദുബൈ, അബൂദബി എമിറേറ്റുകളില്‍ തൊഴില്‍വിസക്ക് ഉള്‍പ്പെടെ ഈ നിയമം നേരത്തെ നിലവിലുണ്ട്

യു.എ.ഇയിലെ വടക്കന്‍ എമിറേറ്റുകളും കുടുംബവിസക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

അബൂദബിക്കും ദുബൈക്കും പിന്നാലെ യു എ ഇയിലെ വടക്കന്‍ എമിറേറ്റുകളും കുടുംബവിസക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എമിഗ്രേഷന്‍ വൃത്തങ്ങള്‍ സൂചന നല്‍കി. എന്നാല്‍, തൊഴില്‍വിസക്ക് തല്‍കാലത്തേക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കില്ല.

ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ വിസയിലുള്ള പ്രവാസികള്‍ പുതുതായി കുടുംബ വിസക്ക് അപേക്ഷിക്കുമ്പോഴാണ് കുടുംബാംഗങ്ങളുടെ പേരില്‍ ആരോഗ്യ ഇന്‍ഷുറൻസ് നിര്‍ബന്ധമായി വരിക. ഇന്‍ഷുറന്‍സ് രേഖകളും മൂന്നു മാസത്തെ സാലറി സ്റ്റേറ്റ്മെൻറും കുടുംബ വിസക്ക് ആവശ്യപ്പെടും.

പുതുതായി വിസയടിക്കാനും പുതുക്കാനും അപേക്ഷിക്കുമ്പോള്‍ സിസ്റ്റത്തില്‍ ആരോഗ്യ ഇന്‍ഷുറൻസ്, സാലറി വിവരങ്ങൾ രേഖപ്പെടുത്താത്ത പക്ഷം അപേക്ഷ നിരസിക്കും. അതേ സമയം തൊഴില്‍ വിസക്ക് ഇത് നിര്‍ബന്ധമല്ല. രണ്ട് വര്‍ഷത്തെ വിസക്ക് രണ്ട് വര്‍ഷത്തെ പോളിസി തന്നെ നിര്‍ബന്ധമാകും. ഇതിനു ഏകദേശം ആയിരം ദിര്‍ഹം അധികം ചെലവുവരും. ദുബൈ, അബൂദബി എമിറേറ്റുകളില്‍ തൊഴില്‍വിസക്ക് ഉള്‍പ്പെടെ ഈ നിയമം നേരത്തെ നിലവിലുണ്ട്.