LiveTV

Live

Gulf

യു.എ.ഇയിൽ 1400 വർഷം പഴക്കമുള്ള ക്രിസ്ത്യൻ മഠം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

നിരവധി വർഷങ്ങൾ സഹവർത്തിത്വത്തോടെ ജീവിച്ചുവെന്നത് ചർച്ചിന്‍റെ നിലനിൽപ് വ്യക്തമാക്കുന്നുണ്ട്

യു.എ.ഇയിൽ 1400 വർഷം പഴക്കമുള്ള ക്രിസ്ത്യൻ മഠം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

യു.എ.ഇയിൽ 1400 വർഷം പഴക്കമുള്ള ക്രിസ്ത്യൻ മഠം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. യു.എ.ഇയിൽ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ മഠമാണിത്. സർ ബനിയാസ് ഐലൻഡിലുള്ള ഈ മഠം മേൽക്കൂര സ്ഥാപിച്ചും വിളക്കുകൾ ഘടിപ്പിച്ചും കൂടുതൽ ആകർഷ കമാക്കിയിട്ടുണ്ട്. പതിമൂന്ന് നൂറ്റാണ്ടുകൾക്കപ്പുറം നിർമിച്ച മഠം സർ ബനിയാസ് ഐലൻഡിന്‍റെ കിഴക്കൻ ഭാഗത്താണുള്ളത്. 30 ആശ്രമവാസികളടങ്ങിയ ചെറിയ സമൂഹമാണ് ഇത് നിർമിച്ചതെന്നാണ് അനുമാനം.

1000 വർഷത്തിലധികം ക്രിസ്തീയ സന്യാസിമാർ ജീവിക്കുകയും പ്രാർഥിക്കുകയും ചെയ്ത ഈ മഠത്തിലെ ഡോർമിറ്ററി ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൊതുജനങ്ങൾക്ക് ഇതുവരെ കാണാൻ സാധിച്ചിരുന്നില്ല. മഠം സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ വ്യാഴാഴ്ച തുറന്നു. നമ്മുടെ സാംസ്കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് സർ ബനിയാസ് ചർച്ചും മഠവും എന്നും ഇതിൽ നമുക്ക് അഭിമാനിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

നൊസ്റ്റോറിയൻസ് എന്ന ക്രിസ്തീയ വിഭാഗത്തിൽ ഉൾപ്പെട്ടവരായിരുന്നു മഠത്തിലുണ്ടായിരുന്ന സന്യാസിമാർ. പ്രാർഥനയും ആടുമേയ്ക്കലുമായി കഴിഞ്ഞിരുന്ന ഇവർ ധ്യാനത്തിലധിഷ്ഠിതമായ ലളിത ജീവിതം നയിച്ചിരുന്നവരായിരുന്നു എന്നും പറയപ്പെടുന്നു. ഈ ചർച്ച് എങ്ങനെ നശിച്ചു എന്നതിനെ കുറിച്ച് നിരവധി വാദങ്ങളുണ്ടെങ്കിലും മുസ്ലിംകളും ക്രിസ്ത്യാനികളും നിരവധി വർഷങ്ങൾ സഹവർത്തിത്വത്തോടെ ജീവിച്ചുവെന്നത് ചർച്ചിന്‍റെ നിലനിൽപ് വ്യക്തമാക്കുന്നുണ്ട്. 1992ലാണ് ഈ പ്രദേശം കണ്ടെത്തിയത്. ഇതൊരു ചർച്ചായിരുന്നു എന്നതിന് ഇവിടെനിന്ന് ലഭിച്ച കുരിശുകൾ തെളിവായി. ഇവ ലൂവർ അബൂദബിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട് ചർച്ചിെൻ്റെ മധ്യ ഭാഗം, ചാപ്പൽ, പാചകസ്ഥലങ്ങൾ, വീടുകൾ, ശ്മശാനം എന്നിവയാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്