LiveTV

Live

Gulf

ഗള്‍ഫ് സംഘര്‍ഷം; രക്ഷാസമിതിയിലേക്ക് ഉറ്റുനോക്കി സൗദിയും യു.എ.ഇയും

ആഗോള എണ്ണ വിതരണം സുരക്ഷിതമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് യു.എ.ഇയും സൗദി അറേബ്യയും യു.എന്നിനോട്ആവശ്യപ്പെട്ടു

ഗള്‍ഫ് സംഘര്‍ഷം; രക്ഷാസമിതിയിലേക്ക് ഉറ്റുനോക്കി സൗദിയും യു.എ.ഇയും

ഗൾഫ് മേഖലയിൽ എണ്ണ വിതരണം തടസപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിനെതിരെ യു.എൻ കടുത്ത നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ യു.എ.ഇയും സൗദി അറേബ്യയും. ഫുജൈറ തീരത്ത് നാല്
എണ്ണ കപ്പലുകൾക്കു നേരെ നടന്ന അട്ടിമറിനീക്കവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് യു.എൻ രക്ഷാസമിതിയുടെ പരിഗണനയിലാണ്.

ആഗോള എണ്ണ വിതരണം സുരക്ഷിതമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് യു.എ.ഇയും സൗദി അറേബ്യയും യു.എന്നിനോട്
ആവശ്യപ്പെട്ടു. ഫുജൈറ തീരത്ത് 4 കപ്പലുകൾ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ റിപ്പോർട്ട് ഇരു രാജ്യങ്ങളും ചേർന്നാണ് യു.എൻ രക്ഷാ സമിതിക്ക് കഴിഞ്ഞ ദിവസം കൈമാറിയത്.

നാവിക സുരക്ഷിതത്വം യുഎന്നിന് ഉറപ്പുവരുത്താനായില്ലെങ്കിൽ മേഖലയുടെ പിരിമുറുക്കം കൂട്ടുമെന്നും ഇരു രാജ്യങ്ങളും സൂചിപ്പിച്ചു. ആക്രമണത്തിൽ ഒരു രാജ്യത്തിന്റെ പങ്ക് വ്യക്തമാണെന്ന് റിപ്പോർട്ട്
പറയുന്നു. എന്നാൽ അമേരിക്കയെ പോലെ ഇറാൻെറ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

ആഗോള കപ്പൽ പാത സുരക്ഷിതമല്ലെന്നതിനുള്ള വ്യക്തമായ തെളിവാണിതെന്നും നാവിക യാത്ര സുരക്ഷിതമാക്കേണ്ടതു രാജ്യാന്തര ഉത്തരവാദിത്തമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രശ്നം ഗൗരവപൂർവം കൈയാളണമെന്ന അഭ്യർഥന യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശും മുന്നോട്ടു വെച്ചു.

സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കും ഇല്ലെന്നാണ് ഇറാന്റെ വിശദീകരണം. സമുദ്ര വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന അട്ടിമറി നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ നടപടി കൈക്കൊള്ളാൻ യു.എൻ തയാറാകും എന്ന പ്രതീക്ഷയിൽ തന്നെയാണ്
യു.എ.ഇയും സൗദിയും.