LiveTV

Live

Gulf

വിമാന കമ്പനികളുടെ പിന്‍മാറ്റം; ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്രം

നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന സീറ്റുകള്‍ ഇത്രയും കമ്പനികള്‍ക്ക് അനുവദിച്ചാല്‍ ഇപ്പോഴുള്ള യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ

വിമാന കമ്പനികളുടെ പിന്‍മാറ്റം; ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്രം

ജറ്റ് എയര്‍വേയ്സ് ഉള്‍പ്പെടെ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയത് മൂലമുണ്ടായ ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം. ഒഴിവു വന്ന സീറ്റുകള്‍ മറ്റ് സ്വകാര്യ കമ്പനികള്‍ക്ക് മാറ്റിനല്‍കാനാണ് മന്ത്രാലയത്തിന്‍റെ തീരുമാനം. അതെ സമയം എയര്‍ഇന്ത്യക്ക് അനുവദിച്ച അധികസീറ്റുകള്‍ ഇതുവരെ പ്രാവര്‍ത്തികമാകാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.

ജറ്റ് എയര്‍വേയ്സ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ വിവിധ ക്ലസ്റ്ററുകളിലേക്ക് ഒഴിവുവന്ന സീറ്റുകള്‍ മറ്റ് സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് മാറ്റിനല്‍കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് വിവിധ സ്വകാര്യ വിമാനക്കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ മന്ത്രാലയം അനുഭാവപൂര്‍വം പരിഗണിക്കുകയാണെന്ന് ഐ.എന്‍.എസ് വാര‍്ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ, വിസ്താര എന്നീ കമ്പനികളാണ് മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ദുബൈ, ദോഹ, ധാക്ക, സിംഗപ്പൂർ, ബാേങ്കാക്ക് തുടങ്ങി ലാഭകരവും, കുറഞ്ഞ ദൂരമുള്ളതുമായ റൂട്ടുകളിൽ കൂടുതൽ സീറ്റുകളും സൗകര്യങ്ങളും അനുവദിക്കണമെന്നാണ് ഈ കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്

ജൂലൈ അവസാനത്തോടെ 18 വിമാന സർവീസുകൾ കൂടി നടത്താനുള്ള ഒരുക്കത്തിലാണ് ഇൻഡിഗോ എയര്‍ലൈന്‍സ്. രണ്ട് മാസത്തിനുള്ളിൽ പുതിയ ഇരുപത് വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള പദ്ധതി സ്പേസ് ജെറ്റിനുമുണ്ട്. വിസ്താര, ഗോഎയർ എന്നീ കമ്പനികൾ പുതിയ പത്ത് വീതം വിമാനസർവീസുകൾ കൂടി നടത്താനുള്ള ഒരുക്കത്തിലാണ്.

നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന സീറ്റുകള്‍ ഇത്രയും കമ്പനികള്‍ക്ക് അനുവദിച്ചാല്‍ ഇപ്പോഴുള്ള യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അതെ സമയം പൊതുമേഖലയിലുള്ള എയർ ഇന്ത്യക്ക് അനുവദിച്ച അധികസീറ്റുകള്‍ ഇതുവരെ പ്രാവര്‍ത്തികമാകാത്തത് മന്ത്രാലയത്തിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്.

ഇന്ത്യ-ദുബൈ സെക്ടറിൽ ജെറ്റ്എയർവേയ്സിന് ആഴ്ചതോറുമുള്ള 5,700 സീറ്റുകളാണ് കഴിഞ്ഞ മാസം എയര്‍ഇന്ത്യക്ക് അനുവദിച്ചിരുന്നത്. ഇന്ത്യ ദോഹ സെക്ടറിൽ 5,000 സീറ്റുകളും അനുവദിക്കുകയും ചെയ്യിരുന്നു. എന്നാല്‍ ഇവ രണ്ടും ആരംഭിക്കുന്നതിനുള്ള എയര്‍ഇന്ത്യയുടെ നടപടികള്‍ ഇപ്പോഴും അനിശ്ചിതമായി നീളുകയാണ്