LiveTV

Live

Gulf

ചര്‍ച്ചക്ക് സന്നദ്ധമാണെന്ന വന്‍ശക്തി രാഷ്ട്രങ്ങളുടെ വാഗ്ദാനം ഇറാന്‍ നിരസിച്ചു

അമേരിക്കന്‍ പിന്‍വാങ്ങിയ 2015 ലെ കരാര്‍ മാത്രമാണ് പ്രസക്തമെന്ന് ഇറാന്‍

ചര്‍ച്ചക്ക് സന്നദ്ധമാണെന്ന വന്‍ശക്തി രാഷ്ട്രങ്ങളുടെ വാഗ്ദാനം ഇറാന്‍ നിരസിച്ചു

ഗൾഫ്​ സംഘർഷം കുറക്കാൻ ചർച്ചക്ക്​ തയാറാണെന്ന അമേരിക്ക ഉൾപ്പെടെ വൻശക്​തി രാജ്യങ്ങളുടെ വാഗ്ദാനം ഇറാൻ നിരസിച്ചു. 2015ലെ ആണവ കരാറിനപ്പുറം പുതിയ വ്യവസ്​ഥകളിൽ ചർച്ച ആവശ്യമില്ലെന്നും ഇറാൻ വ്യക്​തമാക്കി. ആണവായുധം വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നതായ ആരോപണവും തെഹ്​റാൻ നിഷേധിച്ചു.

യുദ്ധസാഹചര്യം ഇല്ലാതാക്കാൻ ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനിയുമായി ചർച്ചക്ക്​ തയാറാണെന്ന യു.എസ്​ പ്രസിഡൻറ്​ ട്രംപ്​ വ്യക്തമാക്കിയതിനെ തുടർന്ന് ജപ്പാൻ, സ്വിറ്റ്​സർലാൻറ്​ എന്നീ രാജ്യങ്ങൾ സമവായ നീക്കവുമായി രംഗത്തു വന്നിരുന്നു. മുൻ കരാറിനപ്പുറം പുതിയ വ്യവസ്​ഥകളുടെ പുറത്ത്​ ചർച്ച ചെയ്യാൻ തങ്ങളില്ലെന്നാണ്​ തെഹ്​റാൻ ഒമാൻ ഉൾപ്പെടെ മധ്യസ്​ഥ രാജ്യങ്ങളെയും അറിയിച്ചത്​. ഇറാന്റെ ബാലിസ്റ്റിക്​ സാ​​ങ്കേതികത കരാറിന്റെ ഭാഗമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്​ 2015ലെ ആണവ കരാറിൽ നിന്ന്​ ട്രംപ്​ ഭരണകൂടം പിൻവാങ്ങിയത്​. ബാലിസ്​റ്റിക്​ മിസൈൽ വികസിപ്പിക്കാൻ ഇറാനെ അനുവദിക്കരുതെന്നാണ്​ ഫ്രാൻസി​െൻറയും നിലപാട്​. പുതിയ ആവശ്യങ്ങളുമായി രംഗത്തു വരുന്ന വൻശക്​തി രാജ്യങ്ങളുടെ നിലപാട്​ അവരെ കുറിച്ച വിശ്വാസ്യതതയാണ്​ തകർക്കുന്നതെന്ന്​ ഇറാൻ വിദേശകാര്യ വക്​താവ്​ അബ്ബാസ്​ മൂസവി പ്രതികരിച്ചു.

ആണവായുധം വഹിക്കാൻ ലക്ഷ്യം വെച്ചല്ല ബാലിസ്​റ്റിക്​ മിസൈൽ പദ്ധതിയെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ്​ ജവാദ്​ ശരീഫും വ്യക്തമാക്കി. അതിനിടെ, ഫുജൈറ തീരത്ത്​ എണ്ണ കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നിൽ ഒരു ഭരണകൂടത്തിന്റെ പങ്ക്​ വ്യക്തമാണെന്ന്​ യു.എ.ഇ അറിയിച്ചു. യു.എൻ രക്ഷാ സമിതിക്കു മുമ്പാകെ അട്ടിമറി നീക്കവുമായി ബന്​ധപ്പെട്ട അന്വേഷണ റിപ്പോർട്ട്​ സമർപ്പിക്കാനുള്ള തീരുമാനത്തിലാണ്​ സൗദിയും യു.എ.ഇയും.