LiveTV

Live

Gulf

ഫുജെെറ ആക്രമണം; അന്വേഷണ റിപ്പോര്‍ട്ട് രക്ഷാസമിതിക്ക് കെെമാറും

പശ്​ചിമേഷ്യയിൽ നിന്നുള്ള എണ്ണവിതരണ നീക്കം തടയാനുള്ള ആസൂത്രിത നീക്കത്തി​ൻെറ ഭാഗമാണ്​ ആക്രമണം എന്നാണ്​ ഗൾഫ്​ രാജ്യങ്ങളുടെ വിലയിരുത്തൽ

ഫുജെെറ ആക്രമണം; അന്വേഷണ റിപ്പോര്‍ട്ട് രക്ഷാസമിതിക്ക് കെെമാറും

ഫുജൈറ തീരത്ത് നാല് എണ്ണ കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് യു.എൻ രക്ഷാസമിതിക്ക്
കൈമാറും. യു.എ.ഇ, സൗദി, നോർവെ എന്നീ രാജ്യങ്ങളാണ് അന്വേഷണം നടത്തിയത്. പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണവിതരണ നീക്കം തടയാനുള്ള ആസൂത്രിത നീക്കത്തിൻെറ ഭാഗമാണ് ആക്രമണം എന്നാണ് ഗൾഫ് രാജ്യങ്ങളുടെ വിലയിരുത്തൽ.

അന്വേഷണത്തിലെ കണ്ടെത്തൽ എന്തെന്ന കാര്യം വ്യക്തമല്ല. റിപ്പോർട്ട്
രക്ഷാസമിതിക്ക് കൈമാറുമെന്ന വിവരം അബൂദബി കേന്ദ്രമായ 'സ്കൈ ന്യൂസ് അറേബ്യ' യാണ് പുറത്തുവിട്ടത്. എന്നാൽ ഇതിൻെറ മറ്റു വിശദാംശങ്ങളൊന്നും വ്യക്തമല്ല.

മെയ് 12നായിരുന്നു നാലു കപ്പലുകൾക്കു നേരെ ആക്രമണം നടന്നത്. യു.എ.ഇ, സൗദി, നോർവെ എന്നീ രാജ്യങ്ങളുടെതായിരുന്നു കപ്പലുകൾ.

കപ്പൽ അട്ടിമറി നീക്കങ്ങൾക്കു പിന്നിൽ ഇറാൻ തന്നെയെന്ന് നേരെത്ത അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ സഹായത്തോടെ അന്വേഷണം പൂർത്തിയാകാതെ ഒരു രാജ്യത്തെയും കുറ്റപ്പെടുത്താൻ തയാറല്ലെന്ന നിലപാടാണ് യു.എ.ഇ സ്വീകരിച്ചു വന്നത്.

കപ്പലുകൾക്ക് നേരെ നടന്ന അട്ടിമറിക്കു പിന്നിൽ ഇറാന് പ്രത്യക്ഷ പങ്കുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഗൾഫ് സമുദ്രത്തിൽ കൃത്യമായ ചില പദ്ധതികൾ ഇറാനുണ്ടെന്നും അത് മുൻകൂട്ടി കണ്ടാണ് യുദ്ധ കപ്പലുകൾ അയച്ചതെന്നുമാണ് മൈക് പോംപിയോ നൽകുന്ന വിശദീകരണം.

ലോകത്തെ എണ്ണ കയറ്റുമതിയിൽ മുപ്പതു ശതമാനവും കടന്നു പോകുന്നത് ഹോർമുസ് കടലിടുക്ക് മുഖേനയാണ്. ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ തുടർന്നാണ് കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാൻ പലവുരു മുന്നറിയിപ്പ് നൽകിയിരുന്നു.