LiveTV

Live

Gulf

മൂര്‍ച്ച കുറച്ച് അമേരിക്കയും ഇറാനും; ചര്‍ച്ചക്ക് തയ്യാര്‍

ഇറാനോട് മാന്യമായ സമീപനം സ്വീകരിച്ചാൽ ഏതു നിലക്കുള്ള ചർച്ചക്കും ഒരുക്കമാണെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു

മൂര്‍ച്ച കുറച്ച് അമേരിക്കയും ഇറാനും; ചര്‍ച്ചക്ക് തയ്യാര്‍

നിലപാട് മയപ്പെടുത്താൻ അമേരിക്കയും ഇറാനും തയാറായതോടെ ഗൾഫ്
സംഘർഷത്തിൽ അയവ്. ഉപാധികളില്ലാതെ ഇറാനുമായി ചർച്ചക്ക്
തയാറാണെന്ന അമേരിക്കൻ നിലപാടാണ് പ്രശ്നത്തിൽ വഴിത്തിരിവായത്. മേഖലയിൽ യുദ്ധം എന്തു വില കൊടുത്തും ഒഴിവാക്കണമെന്ന ഗൾഫ് രാജ്യങ്ങളുടെ നിർദേശവും അമേരിക്കയെ സമ്മർദത്തിലാക്കി.

രണ്ട് പടക്കപ്പലുകൾ വിന്യസിച്ചും കൂടുതൽ സെെനികരെ നിയോഗിച്ചും ഇറാനെതിരെ ഗൾഫ് മേഖലയിൽ പടയൊരുക്കം ശക്തമാക്കിയ അമേരിക്ക, യുദ്ധം എളുപ്പമല്ലെന്ന തിരിച്ചറിവിലേക്കാണ് എത്തിച്ചേരുന്നത്. മുന്നുപാധികൾ ഒന്നും കൂടാതെ ഇറാനുമായി ചർച്ച നടത്താൻ വിരോധമില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി. എന്നാൽ സാധാരണ രാജ്യത്തെ പോലെ പെരുമാറാൻ ഇറാൻ തയാറാകണമെന്ന് അദ്ദഹം പറഞ്ഞു.

ഇറാനോട് മാന്യമായ സമീപനം സ്വീകരിച്ചാൽ ഏതു നിലക്കുള്ള ചർച്ചക്കും ഒരുക്കമാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സമ്മർദത്തിലൂടെ ചർച്ചക്ക്
നിർബന്ധിക്കാൻ അമേരിക്ക തുനിയേണ്ടതില്ലെന്നും ഇറാൻ അറിയിച്ചു.

പശ്ചിമേഷ്യയിൽ ഇടപെടൽ നടത്തുന്നതിൽ നിന്ന് ഇറാൻ പിന്തിരിയണം എന്നതിലപ്പുറം ഒരു യുദ്ധം ആർക്കും ഗുണം ചെയ്യില്ലെന്ന തിരിച്ചറിവിലാണ്
അറബ് ലോകവും. മക്കയിൽ സമാപിച്ച മുസ്ലിം, അറബ് രാജ്യങ്ങളുടെ ഉച്ചകോടിയും ഇതു തന്നെയാണ് വ്യക്തമാക്കിയത്. ദീർഘകാല യുദ്ധത്തിലേക്കള കാര്യങ്ങൾ കൈവിട്ടു പോകുന്നത് മേഖലയിൽ അമേരിക്കൻ താൽപര്യങ്ങൾക്കും ഗുണം ചെയ്യില്ലെന്നാണ് ട്രംപ്
ഭരണകൂടത്തിൻെറ പുതിയ വിലയിരുത്തൽ.