LiveTV

Live

Gulf

ഗൾഫിലെ യുദ്ധസാഹചര്യം ഒഴിവാക്കാന്‍ അമേരിക്കക്കും ഇറാനും ഇടയിൽ ചര്‍ച്ച വേണമെന്ന ആവശ്യം ശക്തം

പ്രശ്നപരിഹാരത്തിന് ഇറാൻ തയാറായാൽ ഗൾഫ് കേന്ദ്രമായുള്ള സേനാ പുനർവിന്യാസം ഉൾപ്പെടെയുള്ള നടപടികൾ ദുർബലപ്പെടുത്താൻ അമേരിക്കയും നിർബന്ധിതമാകും

ഗൾഫിലെ യുദ്ധസാഹചര്യം ഒഴിവാക്കാന്‍  അമേരിക്കക്കും ഇറാനും ഇടയിൽ ചര്‍ച്ച വേണമെന്ന ആവശ്യം ശക്തം

ഗൾഫിലെ യുദ്ധസാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി അമേരിക്കക്കും ഇറാനും ഇടയിൽ ചര്‍ച്ച വേണമെന്ന ആവശ്യം ശക്തമാകുന്നു. പ്രകോപനപരമായ പ്രസ്താവനകളിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണമെന്ന അഭ്യർഥനയും ചില രാജ്യങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്. യുദ്ധം ഒഴിവാക്കാൻ യു.എൻ ഇടപെടൽ ഉണ്ടാകുമെന്ന സൂചനയും ശക്തമാണ്.

ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതിനെ തുടർന്ന് രൂപപ്പെട്ട ഗൾഫ് സംഘർഷ സാഹചര്യം എന്തു വില കൊടുത്തും ഇല്ലാതാക്കണമെന്ന അഭിപ്രായമാണ് ഇരു വിഭാഗത്തിനുമിടയിൽ സമാധാന ദൗത്യവുമായി രംഗത്തുള്ളവർ മുന്നോട്ടു വെക്കുന്നത്. അമേരിക്കയുമായി നല്ല ബന്ധം പുലർത്തുന്ന സ്വിറ്റ്സർലാന്‍റും ഒമാനുമാണ് സമവായ നീക്കത്തിന് മുന്നിലുള്ളത്. ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല കഴിഞ്ഞ ദിവസം തെഹ്റാനിലെത്തി ഇറാൻ നേതാക്കളുമായി നടത്തിയ ചർച്ച സുപ്രധാനമാണ്. ചർച്ചയുടെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തു വിട്ടില്ലെങ്കിൽ തന്നെയും യുദ്ധം ഇല്ലാതാക്കാൻ ഉപകരിക്കുന്ന ചില ഉപാധികൾ ഉരുത്തിരിഞ്ഞതായി സൂചനയുണ്ട്.

2015ലെ ആണക കരാർ ദുർബലപ്പെട്ടിരിക്കെ, ഉയർന്ന തോതിൽ യുറേനിയം സമ്പൂഷ്ടീകരണവുമായി മുന്നോട്ടു പോകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇതിനു മറുപടിയെന്നോണം ആണവായുധം സ്വന്തമാക്കാൻ ഒരു നിലക്കും ഇറാനെ അനുവദിക്കില്ലെന്നാണ് ട്രംപിന്‍റെ ഭീഷണി. കരാറിൽ നിന്ന് ഇറാൻ പൂർണമായും പിൻമാറുന്നത് തടയാനും സമവായ നീക്കങ്ങൾക്ക് ആക്കം കൂട്ടാനും അമേരിക്ക ഒഴികെയുള്ള വൻശക്തി രാജ്യങ്ങൾ രംഗത്തുണ്ട്. ഈ മാസം മുപ്പതിന് മക്കയിൽ ചേരുന്ന അറബ്, മുസ്‍ലിം രാജ്യങ്ങളുടെ യോഗം, യുദ്ധസാഹചര്യം ഇല്ലാതാക്കാൻ ഇറാൻ തയാറാകണമെന്ന അഭ്യർഥന മുന്നോട്ടു വെച്ചേക്കും. പ്രശ്നപരിഹാരത്തിന് ഇറാൻ തയാറായാൽ ഗൾഫ് കേന്ദ്രമായുള്ള സേനാ പുനർവിന്യാസം ഉൾപ്പെടെയുള്ള നടപടികൾ ദുർബലപ്പെടുത്താൻ അമേരിക്കയും നിർബന്ധിതമാകും.