LiveTV

Live

Gulf

ഇറാനെതിരെ പടയൊരുക്കം; അമേരിക്ക ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച ആരംഭിച്ചു

സൗദി ഉൾപ്പെടെ പ്രധാന ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പരോക്ഷ സ്വഭാവത്തിലുള്ള ചർച്ചകളാണിപ്പോൾ അമേരിക്ക ആരംഭിച്ചിരിക്കുന്നത്

ഇറാനെതിരെ പടയൊരുക്കം; അമേരിക്ക ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച ആരംഭിച്ചു

ഇറാനെതിരെ പടയൊരുക്കം തുടരുന്ന സാഹചര്യത്തിൽ, ഗൾഫ്
നേതാക്കളുമായി യു.എസ് നേതൃത്വം ആശയവിനിമയം ആരംഭിച്ചു. തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങരുതെന്ന നിലപാടാണ് ഗൾഫ്
രാജ്യങ്ങൾക്കുള്ളത്. മേഖലയിൽ ഇടപെടുന്നതിൽ നിന്ന് ഇറാനെ വിലക്കണമെന്ന ആവശ്യവും ഗൾഫ് രാജ്യങ്ങൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതുൾപ്പടെയുള്ള ഏതൊരു നടപടിയും സൈനികമായി തന്നെ നേരിടും എന്ന മുന്നറിയിപ്പാണ് അമേരിക്ക ഇറാന്
നൽകുന്നത്. ഇതിന്റെ ഭാഗമായാണ് യുദ്ധ കപ്പലുകൾ ഗൾഫ് തീരത്തേക്ക്
അയച്ചിരിക്കുന്നതും. മനശാസ്ത്രപരമായ സമ്മർദം രൂപപ്പെടുത്തുകയാണ്
സൈനിക നീക്കത്തിലൂടെ അമേരിക്ക ചെയ്യുന്നതെന്ന്
ഇറാൻ ആരോപിച്ചിരുന്നു.

സൗദി ഉൾപ്പെടെ പ്രധാന ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പരോക്ഷ സ്വഭാവത്തിലുള്ള ചർച്ചകളാണിപ്പോൾ അമേരിക്ക ആരംഭിച്ചിരിക്കുന്നത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസുമായി ഫോണിൽ സംസാരിച്ചു. ഇറാനുമായി നല്ല ബന്ധം പുലർത്തുന്ന ഒമാന് പ്രതിസന്ധി പരിഹാര ചർച്ചകളിൽ സുപ്രധാന പങ്കു വഹിക്കാൻ സാധിക്കും എന്നാണ്
പ്രതീക്ഷ.

സ്വിറ്റ്സർലാൻറ് പ്രസിഡൻറ് ഒലി മോററുമായി യു.എസ് പ്രസിഡൻറ് ട്രംപ്
ചർച്ച നടത്തിയതും സമവായ നീക്കത്തിൻെറ ഭാഗമായാണെന്ന്
വിലയിരുത്തപ്പെടുന്നു. ഇറാനും അമേരിക്കയും തമ്മിൽ ചർച്ചക്കുള്ള അവസരം ഒരുക്കാൻ സ്വിറ്റ്സർലാൻറ് മുൻകൈയെടുത്തേക്കും. എൺപതുകളിൽ ഇറാനും അമേരിക്കയും അകന്നപ്പോൾ പ്രശ്നപരിഹാരത്തിന് നീക്കം നടത്തിയതും സ്വിറ്റ്സർലാൻറ് ആയിരുന്നു.

മേഖലയിൽ കൂടുതൽ അസ്ഥിരത രൂപപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നുണ്ട് ഗൾഫ് രാജ്യങ്ങൾക്കും. അതുകൊണ്ടു തന്നെ യുദ്ധമല്ലാതെയുള്ള ശക്തമായ നടപടികളാണ് ഇറാനെതിരെ വേണ്ടതെന്ന സന്ദേശമാണ് ഗൾഫ് രാജ്യങ്ങൾ അമേരിക്കക്ക് കൈമാറിയിരിക്കുന്നതും.