LiveTV

Live

Gulf

എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണം; ഗൾഫ് രാജ്യങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കി

ഫുജൈറയുടെ കിഴക്കൻ തീരത്ത് ഒമാൻ ഉൾക്കടലിൽ അട്ടിമറി ലക്ഷ്യമിട്ട്നാല് കപ്പലുകൾക്ക് നേരെയായിരുന്നു ആദ്യ ആക്രമണം

എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണം; ഗൾഫ് രാജ്യങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കി

എണ്ണ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണ പശ്ചാത്തലത്തിൽ യു.എ.ഇ ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ആക്രമണത്തിനു പിന്നിലെ വൈദഗ്ധ്യം കൂടി വിലയിരുത്തിയാണ്
അധിക സുരക്ഷ ഏർപ്പെടുത്താനുള്ള തീരുമാനം. അതേ സമയം എണ്ണവിതരണ പ്രക്രിയയും തുറമുഖങ്ങളുടെ പ്രവർത്തനവും മാറ്റമില്ലാതെ തുടരുന്നതായി അധികൃതർ വ്യക്തമാക്കി.

ഫുജൈറയുടെ കിഴക്കൻ തീരത്ത് ഒമാൻ ഉൾക്കടലിൽ അട്ടിമറി ലക്ഷ്യമിട്ട്
നാല് കപ്പലുകൾക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. തുടർന്നാണ്
സൗദി അരാംകോയുടെ എണ്ണ പൈപ്പ് ലൈനുകൾക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണം. ഇരു സംഭവങ്ങളും എണ്ണവിപണി ലക്ഷ്യം വെച്ചുള്ളതാണെന്ന നിഗമനത്തിലാണ് യു.എ.ഇ, സൗദി അധികൃതർ. ഈ സാഹചര്യത്തിലാണ് സുരക്ഷാ ശക്തമാക്കാൻ നടപടി സ്വീകരിച്ചതും.

സൗദി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ കപ്പലുകളുടെ അട്ടിമറി നീക്കത്തിനു പിന്നിൽ ആരെന്ന കാര്യം ഇനിയും വ്യക്തമല്ല. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന്
ഗൾഫ് സമുദ്ര പരിധിയിൽ യു.എസ് പടക്കപ്പൽ വിന്യസിച്ച സാഹചര്യത്തിൽ നൽകുന്ന മുന്നറിയിപ്പ് എന്ന നിലക്കും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള തീവ്രവാദികളുടെ നീക്കം എന്ന നിലക്കും സംഭവത്തെ നോക്കി കാണുന്നവരുണ്ട്. ഏതായാലും ഇതിനു പിന്നിലുള്ളവർക്ക് ഉയർന്ന അറിവും വിഭവവും ഉണ്ടായിരുന്നുവെന്നാണ്
വിദഗ്ധർ കരുതുന്നത്. യു.എസ് പിന്തുണയോടെ ഇപ്പോൾ തുടരുന്ന അന്വേഷണത്തിലൂടെ വിലപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരും എന്നാണ് പ്രതീക്ഷ. ഫുജൈറ ഉൾപ്പെടെ എല്ലാ ഗൾഫ് തുറമുഖങ്ങളിലും പ്രവർത്തനം സുഗമമായി നീങ്ങുന്നുണ്ട്. എണ്ണ വിതരണത്തിൽ ഒരു നിലക്കുള്ള കുറവും ഉണ്ടാകില്ലെന്നാണ് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കുന്നതും.