LiveTV

Live

Gulf

സ്വദേശിവത്കരണം: സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളിൽ ഒമാൻ സമ്പൂർണ വിസാ വിലക്ക് ഏർപ്പെടുത്തി

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണവും വിസാ വിലക്കുകളും നിമിത്തം ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്

സ്വദേശിവത്കരണം: സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളിൽ ഒമാൻ സമ്പൂർണ വിസാ വിലക്ക് ഏർപ്പെടുത്തി

സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി ഒമാൻ സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളിൽ സമ്പൂർണ വിസാ വിലക്ക് ഏർപ്പെടുത്തി. മാനേജീരിയൽ, അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കൽ തസ്തികകളിൽ പുതിയ വിസ അനുവദിക്കുന്നതിനാണ് മാനവ വിഭവശേഷി മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്.

സ്വകാര്യ മേഖലയിലെ അസി.ജനറൽ മാനേജർ, അഡ്മിനിസ്ട്രേഷൻ മാനേജർ, ഹ്യൂമൻ റിസോഴ്സസ് മാനേജർ, എംപ്ലോയി അഫെയേഴ്സ് മാനേജർ, ട്രെയ്നിങ് മാനേജർ, പബ്ലിക് റിലേഷൻസ് മാനേജർ, ഫോളോ അപ് മാനേജർ, അസി.മാനേജർ തസ്തികകൾക്ക് പുറമെ അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കൽ തസ്തികകളിലും പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേർപ്പെടുത്തിയതായി മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്രി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. സമ്പൂർണ വിസാ വിലക്ക് ഏർപ്പെടുത്തിയ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് നിലവിലെ വിസാ കാലാവധി കഴിയുന്നത് വരെ ജോലിയിൽ തുടരാമെന്നും ഉത്തരവിൽ പറയുന്നു. ശേഷം വിസ പുതുക്കി നൽകുന്നതല്ല. അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കൽ തസ്തികകൾ അടക്കം പുതുതായി വിസാ വിലക്ക് ഏർപ്പെടുത്തിയ തസ്തികകളിലെല്ലാം മലയാളികൾ കൂടുതലായി ജോലി ചെയ്യുന്നുണ്ട്. അതിനാൽ പുതിയ ഉത്തരവ് മലയാളികളുടെയടക്കം തിരിച്ചുപോക്കിന് വഴിയൊരുക്കും. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണവും വിസാ വിലക്കുകളും നിമിത്തം ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട് .