LiveTV

Live

Gulf

സ്വരം കടുപ്പിച്ച് യു.എസ്; ഇറാന്‍ എണ്ണ ഇറക്കുമതിയില്‍ നിന്നും ഇന്ത്യ പിന്മാറി

ആഭ്യന്തര വിപണിയിൽ എണ്ണവില ഉയരാനും ഇത്​ വഴിയൊരുക്കുമെന്ന്​ വിദഗ്​ധർ വ്യക്​തമാക്കുന്നു

സ്വരം കടുപ്പിച്ച് യു.എസ്; ഇറാന്‍ എണ്ണ ഇറക്കുമതിയില്‍ നിന്നും ഇന്ത്യ പിന്മാറി

യു.എസ് ഉപരോധത്തെ തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ നിന്ന് ഇന്ത്യ പിൻവാങ്ങുന്നു. രൂപയുടെ വിനിമയത്തിൽ നടന്ന ഇറാനുമായുള്ള എണ്ണ ഇറക്കുമതി ഇന്ത്യക്ക് സാമ്പത്തികമായും ഗുണം ചെയ്തിരുന്നു.

അമേരിക്കയുമായി തുറന്ന ഏറ്റുമുട്ടൽ ഉണ്ടാകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാനിൽ നിന്നുള്ള ഇറക്കുമതി പൂർണമായും വേണ്ടെന്നു വെക്കാൻ ഇന്ത്യ നിർബന്ധിക്കപ്പെടുന്നത്.

ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങൾക്ക് അമേരിക്ക നേരത്തെ അനുവദിച്ച ഇളവാണ് ഈ മാസം രണ്ടു മുതൽ പിൻവലിച്ചത്. അതോടെ ഒരു നിലക്കും ഇറാനുമായി ഇടപാട് നടത്താൻ ഇന്ത്യ തയാറാകരുതെന്ന വിലക്കാണ് രൂപപ്പെട്ടതും. ഊർജ കമ്മി നേരിടുന്ന ഇന്ത്യക്ക് വലിയ പിന്തുണയായിരുന്നു ഇറാൻ എണ്ണ ഇറക്കുമതി. യു.എസ് വിലക്ക്
വന്നതോടെ ആഗോള വിപണിയിൽ എണ്ണവില ഉയരുന്ന പ്രവണത രൂപപ്പെട്ടു.

ഒപെക് രാജ്യങ്ങളിൽ നിന്ന് കൂടുതൽ എണ്ണ ഉറപ്പാക്കാൻ ഇന്ത്യ നീക്കം ആരംഭിച്ചു. എന്നാൽ ഡോളറിൽ ഉയർന്ന വില നൽകേണ്ട സാഹചര്യം സാമ്പത്തികമായി ഇന്ത്യക്ക് തിരിച്ചടിയാകും. ആഭ്യന്തര വിപണിയിൽ എണ്ണവില ഉയരാനും ഇത് വഴിയൊരുക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എണ്ണ വിപണിയിൽ നിന്ന് ഇന്ത്യയും മറ്റും പിൻമാറിയതോടെ ഇറാൻ സമ്പദ്ഘടന കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

അതേ സമയം ഉൽപാദന നിയന്ത്രണത്തിൽ ഒപെക് സ്വന്തം നിലക്കുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് സൗദി വ്യക്തമാക്കി. വിലയിടിവ് അനുഭവപ്പെട്ട സാഹചര്യത്തിലായിരുന്നു ഒപെക് കൂട്ടായ്മയിലെ രാജ്യങ്ങളും റഷ്യയും ചേർന്ന് നേരത്തെ ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തിയത്. വിപണിയുടെയും വിലയുടെയും സന്തുലിതത്വം ഉറപ്പാക്കി മാത്രമാകും തുടർ നടപടിയെന്നും ഒപെക് നേതൃത്വം വ്യക്തമാക്കുന്നു.