LiveTV

Live

Gulf

ന്യൂസിലാന്റ് ഭീ​ക​രാ​ക്ര​മ​ണം; നടുക്കത്തിൽ അറബ്​ ലോകം

പാശ്ചാത്യൻ രാജ്യങ്ങളിൽ ഇസ്​ലാമോഫോബിയ പടർത്താനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം ഭീകരതക്ക്​ വഴിയൊരുക്കുന്നതായി അറബ്​ ലോകം വിലയിരുത്തുന്നു.

ന്യൂസിലാന്റ് ഭീ​ക​രാ​ക്ര​മ​ണം; നടുക്കത്തിൽ അറബ്​ ലോകം

ന്യൂസിലാന്റ് ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ അറബ് ലോകം. പാശ്ചാത്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമോഫോബിയ പടര്‍ത്താനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം ഭീകരതക്ക് വഴിയൊരുക്കുന്നതായി അറബ് ലോകം വിലയിരുത്തുന്നു. സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനുള്ള അവസരമായി ആക്രമണത്തെ കാണണം എന്നാണ് മുസ്ലിം പണ്ഡിത ലോകത്തിന്റെ അഭിപ്രായം.

ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തെ തുടര്‍ന്ന് മുസ്ലിംകള്‍ക്കിടയിലെ അരക്ഷിതാവസ്ഥ മാറ്റാന്‍ ന്യൂസിലാന്റ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് യു.എ.ഇ ഉള്‍പ്പെടെ അറബ് ലോകം പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ഒരു വ്യക്തിയെ ഇത്തരമൊരു കൊടും ക്രൂരതയിലേക്ക് നയിച്ച സാഹചര്യം ഗൗരവത്തില്‍ തന്നെ കാണേണ്ടതുണ്ടെന്ന് വിവിധ അറബ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥികള്‍ക്കും വംശീയ വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന വിഷലിപ്തമായ പ്രചാരണം തടയാന്‍ എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്ന് അറബ് ലീഗ് ഉള്‍പ്പെടെയുള്ള കൂട്ടായ്മകളും ആവശ്യപ്പെട്ടു.

മതസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ ലോകം തയാറാകണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ വികാരം ഉയരണമെന്നും യു.എ.ഇ നേതൃത്വം പറഞ്ഞു. ഇസ്ലാമോഫോബിയ, മതവര്‍ഗീയത, ഭീകരത എന്നിവക്കെതിരെ സഹിഷ്ണുതാ പ്രചാരണം അനിവാര്യമാണെന്ന് ദുബായ് ഗ്രാന്‍ഡ് മുഫ്ത്തി ഡോ. അഹ്മദ് അല്‍ ഹദ്ദാദ് വ്യക്തമാക്കി.