LiveTV

Live

Gulf

ഇഖാമ ലംഘകരെ പിടിക്കാന്‍ സുരക്ഷ ശക്തമാക്കി കുവെെത്ത്

സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ 164 നിയമലംഘനങ്ങൾ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു

ഇഖാമ ലംഘകരെ പിടിക്കാന്‍ സുരക്ഷ ശക്തമാക്കി കുവെെത്ത്

കുവൈത്തിൽ ഇഖാമ ലംഘകരെയും സ്വന്തം സ്‌പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരെയും കണ്ടെത്താൻ സുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. ചെറിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പുനരാരംഭിച്ച പരിശോധന കാമ്പയിനിൽ ആദ്യ ദിനം തന്നെ 459 പേർ പിടിയിലായി.

ഫർവാനിയ ഗവർണറേറ്റിലെ ജലീബിലും ഫഹാഹീൽ വ്യവസായ മേഖലയിലും ബുധനാഴ്ച പുലർച്ച ഒരേ സമയത്തായിരുന്നു റെയ്ഡ്. രണ്ടിടങ്ങളിൽ നിന്നുമായി ഇന്ത്യക്കാരുൾപ്പെടെ 459 പേരെ കസ്റ്റഡിയിലെടുത്തതായാണ് പ്രാഥമിക വിവരം.

മതിയായ താമസരേഖകളില്ലാത്ത 130 പേർ, സ്പോൺസർ മാറി ജോലി ചെയ്തവരും ഇഖാമ കാലാവധി തീർന്നവരുമടക്കം 51 പേർ, ഒളിച്ചോട്ടത്തിന് കേസുള്ള 26 പേർ, മദ്യലഹരിയിലായിരുന്ന 15 പേർ, വിവിധ സിവിൽ കേസുകളിൽ പ്രതികളായ10 പേർ, അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട നാലുപേർ എന്നിങ്ങനെയാണ് പിടിയിലായത്.

സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ 164 നിയമലംഘനങ്ങൾ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് പേരിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയും എട്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കുമെന്നു ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം.

നിയമലംഘകർക്കും കുറ്റവാളികൾക്കും അഭയം നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും. പൊതുസുരക്ഷാ കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് ഫൈസൽ അൽ നവാഫ്സബാഹ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.