LiveTV

Live

Gulf

ഇന്ത്യ ആദ്യമായി പങ്കെടുക്കുന്ന ഒ.ഐ.സി സമ്മേളനം നാളെ അബൂദബിയില്‍

ഇസ്​ലാമിക രാജ്യങ്ങളുടെ സംഘടനാ സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചതിനെതിരെ പാകിസ്താന്‍ രംഗത്തെത്തി.

ഇന്ത്യ ആദ്യമായി പങ്കെടുക്കുന്ന ഒ.ഐ.സി സമ്മേളനം നാളെ അബൂദബിയില്‍

ഇന്ത്യ ആദ്യമായി പങ്കെടുക്കുന്ന ഒ.ഐ.സിയുടെ സമ്മേളനത്തിന് അബൂദബിയില്‍ നാളെ തുടക്കം. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനാ സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചതിനെതിരെ പാകിസ്താന്‍ രംഗത്തെത്തി. അതിഥിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കുന്നുണ്ടെങ്കില്‍ സമ്മേളനം ബഹിഷ്കരിക്കാനാണ്
പാകിസ്താന്റെ നീക്കം.

ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കണ്‍ട്രീസിന്റെ നാൽപത്തി ആറാമത് സമ്മേളനത്തിലേക്ക് ഇന്ത്യയെ അതിഥിയായി ക്ഷണിച്ചതിനെതിരെ പാകിസ്താന്‍ രംഗത്തെത്തിയത്. പതിനെട്ടര കോടി മുസ്ലിംകളുള്ള ഇന്ത്യക്ക് ഒ.ഐ.സി അംഗത്വം വേണമെന്നത് ദീർഘ കാലമായുള്ള ആവശ്യമാണ്. എന്നാൽ ഒ.ഐ.സി സ്ഥാപകാംഗം കൂടിയായ തങ്ങളെ പരിഗണിക്കാതെ സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചുവെന്നാണ് പാകിസ്താന്‍റെ പരാതി. ഇന്ത്യ പങ്കെടുക്കുന്നുണ്ടെങ്കില്‍ സമ്മേളനം ബഹിഷ്കരിക്കും എന്നാണ്
പാകിസ്താന്‍റെ ഭീഷണി.

ഇന്ത്യ, പാക് പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാടാണ്
ഒ.ഐ.സി സ്വീകരിച്ചിരിക്കുന്നത്. സൈനിക നടപടികളിൽ നിന്ന്
ഇരു രാജ്യങ്ങളും വിട്ടുനിൽക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇന്ത്യ- പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നാളെയും മറ്റന്നാളും നടക്കുന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം നിർണായകമാണ്. ഒ.ഐ.സിക്കു വേണ്ടി യു.എ.ഇയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.

യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്
ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളിലെ 56 അംഗങ്ങളും ഉദ്ഘാടന ചടങ്ങിനെത്തും.